കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി: വിമതര്‍ നിയമാനുസൃതമായി രാജി സമർപ്പിച്ചിട്ടില്ലെന്ന് സ്പീക്കര്‍

കര്‍ണാടകയില്‍ ഉയര്‍ന്നു വന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ നിയമസഭ സ്പീക്കറുടെ കോര്‍ട്ടിലാണ് പന്ത് ഇപ്പോള്‍. 

Last Updated : Jul 9, 2019, 04:21 PM IST
കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി: വിമതര്‍ നിയമാനുസൃതമായി രാജി സമർപ്പിച്ചിട്ടില്ലെന്ന് സ്പീക്കര്‍

ബംഗളൂരു: കര്‍ണാടകയില്‍ ഉയര്‍ന്നു വന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ നിയമസഭ സ്പീക്കറുടെ കോര്‍ട്ടിലാണ് പന്ത് ഇപ്പോള്‍. 

വിമത നിയമസഭാംഗങ്ങൾ നിയമാനുസൃതമായി രാജി സമർപ്പിച്ചിട്ടില്ല എന്ന് സ്പീക്കര്‍ കെ ആർ രമേശ് കുമാർ അഭിപ്രായപ്പെട്ടു. കൂടാതെ, വിമതരുടെ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സമയവും നിശ്ചയിച്ചിട്ടില്ല, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വിഷയം കൈകാര്യം ചെയ്യുന്നതിന് ചില നടപടി ക്രമങ്ങള്‍ സ്പീക്കറുടെ ഓഫീസിന് പാലിക്കേണ്ടതുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്. തീരുമാനം കൈക്കൊള്ളാന്‍ സമയപരിധി നിശ്ചയിച്ചിട്ടില്ല. അതുകൂടാതെ, അംഗങ്ങള്‍ രാജി സ്വമേധയാ, ആരുടേയും സമ്മര്‍ദ്ദത്താലല്ല സമര്‍പ്പിച്ചിരിക്കുന്നത് എന്ന് സ്പീക്കർക്ക് ബോധ്യപ്പെട്ടാല്‍ അവ സ്വീകരിക്കാൻ കഴിയും, അദ്ദേഹം പറഞ്ഞു. ഒപ്പം മറിച്ചാണെങ്കില്‍ എന്ത് ചെയ്യണമെന്ന് തനിക്ക് ധാരണയില്ല എന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.

നിലവിലെ സാഹചര്യത്തില്‍ സ്പീക്കര്‍ ഇന്ന് തന്നെ പ്രധാനപ്പെട്ട തീരുമാനമെടുക്കേണ്ടതാണ്. എന്നാല്‍ പ്രശ്ന പരിഹാരത്തിന് നിരവധി മാര്‍ഗ്ഗങ്ങള്‍ സ്പീക്കര്‍ക്കുമുന്നിലുണ്ട്. സ്പീക്കര്‍ക്ക് വേണമെങ്കില്‍ എംഎല്‍എമാരുടെ രാജി ഉടന്‍ സ്വീകരിക്കാം, അല്ലെങ്കില്‍ എംഎല്‍എമാരുടെ രാജി താല്‍ക്കാലികമായി അനിശ്ചിതത്വത്തിലാക്കാം. എംഎല്‍എമാരുടെ രാജി സമ്മര്‍ദ്ദത്തിനു വഴങ്ങിയാണോ എന്ന് പരിശോധിക്കാന്‍ സമയം തേടാം. ഫ്‌ളോര്‍ ടെസ്റ്റ് നടത്താം. 

എന്നാല്‍ അതിലുപരിയായി എംഎല്‍മാര്‍ കോണ്‍ഗ്രസ് ജെഡിഎസ അംഗങ്ങളായതിനാല്‍ സ്പീക്കര്‍ക്ക് വിപ്പ് പുറപ്പെടുവിക്കാന്‍ സാധിക്കും. എംഎല്‍എമാര്‍ വിപ്പ് അംഗീകരിച്ചില്ലെങ്കില്‍ അവര്‍ക്ക് ആന്റി ഡിഫെക്ഷന്‍ നിയമം നേരിടേണ്ടി വരും. ഇതോടെ സ്പീക്കര്‍ക്ക് അവരെ അയോഗ്യരാക്കാം.

ഭരണകക്ഷിയില്‍നിന്നും 2 സ്വതന്ത്രര്‍ ഉള്‍പ്പെടെ 15 അംഗങ്ങളാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ, എല്ലാ കോണ്‍ഗ്രസ്‌ മന്ത്രിമാരും മന്ത്രിസഭയില്‍നിന്നും രാജി സമര്‍പ്പിച്ചു. ഈ സാഹചര്യത്തില്‍ എച്ച്‌.ഡി കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷിയായ ബിജെപി ആവശ്യപ്പെട്ടു.

 

Trending News