പൗരത്വ ഭേദഗതി നിയമം: ഒവൈസി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

ഇന്ത്യന്‍ മുസ്ലീങ്ങളെ രാഷ്ട്രരഹിതരാക്കുന്ന ബില്‍ രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ബില്ലിനെ എതിര്‍ത്തുകൊണ്ട് ഉവൈസി പറഞ്ഞിരുന്നു. 

Ajitha Kumari | Updated: Dec 14, 2019, 04:42 PM IST
പൗരത്വ ഭേദഗതി നിയമം: ഒവൈസി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു
File photo

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

 

 

പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കുന്ന സമയത്ത് ഒവൈസി ലോക്സഭയില്‍ പൗരത്വബില്‍ കീറിയെറിയുകയും ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ബില്ലെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. 

293 പേരായിരുന്നു ലോക്‌സഭയില്‍ ബില്ലിനെ അനുകൂലിച്ചത്.

ഇന്ത്യന്‍ മുസ്ലീങ്ങളെ രാഷ്ട്രരഹിതരാക്കുന്ന ബില്‍ രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ബില്ലിനെ എതിര്‍ത്തുകൊണ്ട് ഉവൈസി പറഞ്ഞിരുന്നു. ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഡിവൈഎഫ്ഐ കേന്ദ്ര നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. 

ഒറ്റ ദിവസം കൊണ്ട് ബില്ലിനെതിരെ പതിമൂന്ന് ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്. ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മോയ്ത്രയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ഹര്‍ജിയില്‍ ഇന്നലെ അടിയന്തരമായി വാദം കേള്‍ക്കണമെന്ന മഹുവയുടെ ആവശ്യം ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.

ഇതിനോടൊപ്പം പൗരത്വ ഭേദഗതി നിയമം അസമിനെ ബാധിക്കുമെന്ന് കാട്ടി അഞ്ച് രാഷ്ട്രീയ പാര്‍ട്ടികളിലെ ഒമ്പത് എം.പിമാര്‍ മുപ്പതംഗ ജോയിന്റ് പാര്‍ലമെന്ററി സമിതിയെ സമീപിച്ചു കഴിഞ്ഞു.

പൗരത്വ ഭേദഗതി ബില്‍ രണ്ടു സഭകളിലും പാസ്സായശേഷം രാഷ്ട്രപതി ഒപ്പുവെച്ചപ്പോള്‍ ബില്‍ പൗരത്വ ഭേദഗതി നിയമമായി. അന്നുമുതല്‍ രാജ്യത്ത് പലയിടങ്ങളിലും പ്രത്യേകിച്ച് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം കൊടുമ്പിരികൊള്ളുകയാണ്.