പി.ചിദംബരത്തെ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാക്കും

അദ്ദേഹത്തിന്‍റെ വൈദ്യ പരിശോധന ഇന്നലെ പൂര്‍ത്തിയായിരുന്നു. ഇന്ന് രാവിലെ സിബിഐ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.   

Last Updated : Aug 22, 2019, 08:12 AM IST
പി.ചിദംബരത്തെ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാക്കും

ന്യൂഡല്‍ഹി: ഒരു ദിവസത്തെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി. ചിദംബരത്തെ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി പത്തുമണിയോടെയാണ് ഡല്‍ഹിയിലെ സ്വവസതിയില്‍ നിന്നും ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്.

 

 

അറസ്റ്റ് തടയാന്‍ സുപ്രീംകോടതി വിസമ്മതിച്ചതോടെ രാത്രി എഐസിസി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലെത്തി അറസ്റ്റു ചെയ്തത്.

അദ്ദേഹത്തിന്‍റെ വൈദ്യ പരിശോധന ഇന്നലെ പൂര്‍ത്തിയായിരുന്നു. ഇന്ന് രാവിലെ സിബിഐ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.

അറസ്റ്റ് ചെയ്ത ശേഷം ചിദംബരത്തെ സിബിഐ ആസ്ഥാനത്ത് രാത്രി തന്നെ എത്തിക്കുകയും അവിടെവെച്ചുതന്നെ ചിദംബരത്തിന്‍റെ വൈദ്യപരിശോധന ഉള്‍പ്പെടെ നടത്തുകയും ചെയ്തു. 

സിബിഐ ഡയറക്ടര്‍ ആര്‍.കെ ശുക്ല, ജോയിന്റ് ഡയറക്ടര്‍ അമിത് കുമാര്‍ എന്നിവരും രാത്രി തന്നെ സിബിഐ ആസ്ഥാനത്ത് എത്തിയിരുന്നു.

ഇടക്കാല അറസ്റ്റ് ഒഴിവാക്കാനുള്ള ചിദംബരത്തിന്‍റെ ഹര്‍ജി വെള്ളിയാഴ്ചയേ പരിഗണിക്കൂ എന്ന് സുപ്രീംകോടതി രെജിസ്ട്രി ഇന്നലെ വ്യക്തമാക്കിയപ്പോള്‍ തന്നെ അറസ്റ്റ് ഉറപ്പായിരുന്നു. സിബിഐ ആസ്ഥാനത്ത് വൈകീട്ടോടെ യോഗംചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരാണ് അറസ്റ്റുചെയ്യാന്‍ തീരുമാനിച്ചത്.

രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമടക്കമുള്ള നേതാക്കള്‍ പ്രസ്താവനകളിലൂടെ ഇതിനു തടയിടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും ഉദ്ഘോഷിക്കുന്ന പ്രസ്താവന നടത്താനും അറസ്റ്റിനെ ഭയമില്ലെന്നു പ്രഖ്യാപിക്കാനും കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരം ചിദംബരം മുന്നോട്ടുവരുകയായിരുന്നു.

ചിദംബരം ധനമന്ത്രിയിരിക്കെ ഐഎന്‍എക്സ് മീഡിയ എന്ന മാധ്യമസ്ഥാപനത്തിന് 305 കോടി രൂപയുടെ വിദേശനിക്ഷപം സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ (എഫ്ഐപിബി) അനുമതി നല്‍കിയത് സംബന്ധിച്ചാണ് കേസ്. 

ഇടപാടിലെ അഴിമതിയെക്കുറിച്ച് സിബിഐയും കള്ളപ്പണം വെളുപ്പിക്കലിനെപ്പറ്റി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റുമാണ് അന്വേഷിക്കുന്നത്. 

Trending News