പത്മാവതി: തന്‍റെ ചിത്രം രജപുത്ര സംസ്കാരത്തെ വികലമാക്കുന്നില്ല, ബൻസാലി

ബോളിവുഡ് ചിത്രം 'പത്മാവതി' യില്‍ രജപുത്ര സംസ്കാരത്തെ വികലമാക്കുന്ന യാതൊന്നുമില്ലെന്ന് നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലി അഭിപ്രായപ്പെട്ടു.

Last Updated : Dec 1, 2017, 03:08 PM IST
 പത്മാവതി: തന്‍റെ ചിത്രം രജപുത്ര സംസ്കാരത്തെ വികലമാക്കുന്നില്ല, ബൻസാലി

ന്യൂഡല്‍ഹി: ബോളിവുഡ് ചിത്രം 'പത്മാവതി' യില്‍ രജപുത്ര സംസ്കാരത്തെ വികലമാക്കുന്ന യാതൊന്നുമില്ലെന്ന് നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലി അഭിപ്രായപ്പെട്ടു.

പത്മാവതി ചിത്രത്തെ ചൊല്ലി ഇന്ത്യയൊട്ടാകെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ ന്യൂഡല്‍ഹിയില്‍ പാർലമെന്‍റ് സമിതിക്ക് മുന്‍പാകെ ബന്‍സാലി വിശദീകരണം നല്‍കി. ചില ദേശീയ മാധ്യമങ്ങളാണ് തെറ്റായ വാർത്തകളിലൂടെ വിവാദങ്ങൾക്ക് തുടക്കമിട്ടതെന്ന് ബന്‍സാലി പറഞ്ഞു.

അപേക്ഷ നൽകി 68 ദിവസത്തിനുള്ളിൽ പ്രദർശനാനുമതി നൽകിയാൽ മതിയെന്ന് നിയമമുള്ളപ്പോൾ പത്മാവതിക്ക് മാത്രം സെൻസർ ബോർഡിന് എങ്ങനെ നേരത്തെ അനുമതി നൽകാനാകുമെന്ന് സമിതി അധ്യക്ഷനായ അനുരാഗ് താക്കൂര്‍ ബൻസാലിയോട് ചോദിച്ചു. ഇതേ നിലപാടായിരുന്നു സമിതിക്ക് മുന്നിൽ ഹാജരായ സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷിയും സ്വീകരിച്ചത്. 

അതേസമയം, ചിത്രം കാണാതെയുള്ള വിവാദങ്ങൾ അംഗീകരിക്കാനാവില്ലെന്ന് യോഗത്തിൽ പങ്കെടുത്ത സിപിഎം, തൃണമൂൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. ബിജെപി എംപി അനുരാഗ് താകൂറിന്‍റെ നേതൃത്വത്തിലുള്ള 30 അംഗ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ ഭൂരിപക്ഷവും ചിത്രത്തെ എതിർക്കുന്ന ബിജെപി ഉള്‍പ്പെടെയുള്ള  രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളാണ്. അതുകൂടാതെ അഭിനേതാക്കളും എം പിയുമായ രാജ് ബബ്ബര്‍, പരേഷ് റാവല്‍ തുടങ്ങിയവരും പാനലിലെ അംഗങ്ങളാണ്. വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് സമിതി സമർപ്പിക്കും.
 
ബൻസാലിയോടും പ്രസൂണ്‍ ജോഷിയോടും തങ്ങളുടെ കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ പനെല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് പാനൽ മുമ്പാകെ തങ്ങളുടെ കേസ് അവതരിപ്പിക്കാൻ കഴിയും. കൂടാതെ ചിത്രത്തിന്‍റെ നിർമ്മാതാക്കളെ വിളിക്കാനും തീരുമാനമുണ്ട്, പാനല്‍ ചെയര്‍മാന്‍ അനുരാഗ് താകൂര്‍ പറഞ്ഞു. 

ഈ ചിത്രത്തിനെതിരെ ജനരോക്ഷം പോട്ടിപ്പുറപ്പെട്ടപ്പോള്‍, ജനവികാരം കണക്കിലെടുത്ത് റിലീസ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ സർക്കാരും യുപി സർക്കാരും കേന്ദ്രത്തിന് കത്തയച്ചിരുന്നു. അതുകൂടാതെ രാജ്പൂത് കർണിസേനയടക്കം വിവിധ സംഘടനകളും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ചിത്രം റിലീസിനെത്തുന്ന ഡിസംബർ ഒന്നിന് ബന്ദ് നടത്തുമെന്നും കർണിസേന അറിയിച്ചിരുന്നു.

കൂടാതെ ഹരിയാന ബി.ജെ.പി നേതാവ് സുരാജ് പാല്‍ അമു വിവാദ പ്രസ്താവനയുമായി രംഗത്തെത്തി. സഞ്ജയ് ലീല ബൻസാലിയുടെയും മുഖ്യ അഭിനേത്രി ദീപിക പദുക്കോണിന്‍റെയും തല കൊയ്യുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം പ്രസ്താവന നടത്തി. അതുകൂടാതെ ബൻസാലിയുടെയും മുഖ്യ അഭിനേത്രി ദീപികയുടെയും തലയറുക്കുന്നവര്‍ക്ക് അഞ്ച് കോടി പാരിതോഷികം പ്രഖ്യാപിച്ച മീററ്റിലെ യുവാക്കളെ അഭിനന്ദിക്കുകയും ചെയ്തു അദ്ദേഹം. 

രാജ്പുത് സമുദായം അഭിമാനം കൊള്ളുന്ന റാണി പത്മിനിയുടെ ചരിത്രത്തെ അവഹേളിക്കുന്ന രീതിയില്‍ ചിത്രീകരിച്ചു എന്നാണ് ഈ സമുദായക്കാരുടെ പരാതി.

പത്മാവതി എന്ന സിനിമയില്‍ ദീപിക പദുകോണ്‍ മുഖ്യ കഥാപാത്രമായ റാണി പത്മവതിയെ അവതരിപ്പിക്കുന്നു.  റാവൽ രത്തൻ സിംഗായി ഷാഹിദ് കപൂറും സുൽത്താൻ അലാവുദ്ദീൻ ഖിൽജിയായി രൺവീർ സിംഗും അഭിനയിക്കുന്നു. 

ഒരു വർഷത്തോളമെടുത്ത് 190 കോടി രൂപ ചെലവിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

 

Trending News