close

News WrapGet Handpicked Stories from our editors directly to your mailbox

പുല്‍വാമ മോഡല്‍ ആക്രമണം ആവര്‍ത്തിക്കാന്‍ സാധ്യത: പാക്കിസ്ഥാന്‍

സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ചായിരിക്കും ആക്രമണം എന്നാണ് ഇന്റലിജന്‍സിന് കിട്ടിയിരിക്കുന്ന സൂചന.   

Updated: Jun 16, 2019, 10:10 AM IST
പുല്‍വാമ മോഡല്‍ ആക്രമണം ആവര്‍ത്തിക്കാന്‍ സാധ്യത: പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: കശ്മീരില്‍ പുല്‍വാമ മോഡല്‍ ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. അമേരിക്കയും പാക്കിസ്ഥാനുമാണ് മുന്നറിയിപ്പ് നല്‍കിയത്. ഇതിനെ സംബന്ധിച്ചുള്ള രഹസ്യാന്വേഷണ വിവരം പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.

സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ചായിരിക്കും ആക്രമണം എന്നാണ് ഇന്റലിജന്‍സിന് കിട്ടിയിരിക്കുന്ന സൂചന. ആക്രമണത്തിന് പദ്ധതിയിടുന്നത് അല്‍ഖ്വയ്ദയാണെന്നാണ് വിവരം. ഏറ്റവും ഒടുവില്‍ കിട്ടിയ വിവരം അനുസരിച്ച് പുല്‍വാമ ജില്ലയിലെ അവന്തിപുരയ്ക്ക് സമീപത്താണ് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നതെന്നാണ്. 

മുന്നറിയിപ്പ് കിട്ടിയതോടെ ജമ്മുകശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സൈന്യത്തോട് സദാസമയവും ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് പാക്കിസ്ഥാന്‍ വിവരം കൈമാറിയിരിക്കുന്നത്.

ഈ വിവരം പാക്കിസ്ഥാന്‍ അമേരിക്കയ്ക്കും കൈമാറിയിരുന്നു.  ഇതിന്‍റെ അടിസ്ഥാനത്തിലാണ് അമേരിക്കയും ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസം കശ്മീരിലെ ത്രാല്‍ മേഖലയില്‍ വെച്ച് അല്‍ഖ്വയ്ദ ഭീകരനായ സാക്കീര്‍ മൂസയെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു. ഇയാളുടെ മരണത്തിന് പകരം ചോദിക്കാനാണ് ആക്രമണം നടത്തുന്നതെന്നാണ് വിവരം.

ഹിസ്ബുല്‍ മുജാഹിദീനില്‍ പ്രവര്‍ത്തിച്ചിരുന്ന മൂസ മൂന്ന് കൊല്ലം മുമ്പാണ് അതില്‍ നിന്ന് വിഘടിച്ച് അല്‍ഖ്വയ്ദയുടെ അന്‍സര്‍ ഖസ്വത്ത് ഉല്‍ ഹിന്ത് എന്ന സംഘടനയുടെ ഭാഗമാവുന്നത്. ഇതിനിടെയാണ് ഇയാള്‍ കൊല്ലപ്പെടുന്നത്.

ഷാങ്ഹായ് ഉച്ചകോടിയിൽ ഭീകരവാദത്തിനെതിരെ നടപടിയെടുത്തില്ലെങ്കിൽ ചർച്ചക്കില്ലെന്ന് ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്ന് ഇങ്ങനൊരു മുന്നറിയിപ്പ്.

കഴിഞ്ഞ ഫെബ്രുവരി 14ന് ജമ്മുകശ്മീരിലെ പുല്‍വാമയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.  അതില്‍ മലയാളിയായ വി.വി വസന്ത് കുമാറും ഉണ്ടായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പാക്ക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. 

പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ആദില്‍ അഹമ്മദ് ദര്‍ എന്ന ഭീകരവാദി ഇടിച്ചുകയറ്റുകയായിരുന്നു.