പാല്‍ഘര്‍ ആള്‍ക്കൂട്ടക്കൊലക്കേസ്: വാദിഭാഗം അഭിഭാഷകന്‍റെ "അപകട മരണം" വിവാദമാവുന്നു....

  പാല്‍ഘര്‍ ആള്‍ക്കൂട്ടകൊലപാതകക്കേസിലെ വാദിഭാഗം അഭിഭാഷകന്‍  ദിഗ്‌വിജയ് ത്രിവേദി വാഹനാപകടത്തില്‍  മരണപ്പെട്ട സംഭവം വിവാദമാവുന്നു...

Last Updated : May 15, 2020, 01:52 PM IST
പാല്‍ഘര്‍ ആള്‍ക്കൂട്ടക്കൊലക്കേസ്:  വാദിഭാഗം അഭിഭാഷകന്‍റെ "അപകട മരണം" വിവാദമാവുന്നു....

മുംബൈ:  പാല്‍ഘര്‍ ആള്‍ക്കൂട്ടകൊലപാതകക്കേസിലെ വാദിഭാഗം അഭിഭാഷകന്‍  ദിഗ്‌വിജയ് ത്രിവേദി വാഹനാപകടത്തില്‍  മരണപ്പെട്ട സംഭവം വിവാദമാവുന്നു...

ബിജെപി വക്താവ് സ൦ബിത് പാത്ര, ബിജെപി  എംപി വിനയ് സഹസ്ത്രബുദ്ധെ, വിശ്വ ഹിന്ദു പരിഷത്ത് വക്താവ് വിജയ് ശങ്കർ തിവാരി എന്നിവരാണ്  അഭിഭാഷകന്‍റെ   "അപകട മരണ" ത്തെ  ചോദ്യം ചെയ്ത് രംഗത്തെത്തുകയും മരണം അന്വേഷിക്കണമെന്ന ആവശ്യ൦ ഉന്നയിക്കുകയും ചെയ്തിരിക്കുന്നത്.  

അഭിഭാഷകന്‍  ദിഗ്‌വിജയ് ത്രിവേദി മരണപ്പെട്ട സംഭവം അസ്വസ്ഥതയുളവാക്കുന്നതായി ബിജെപി വക്താവ് സ൦ബിത് പാത്ര  പറഞ്ഞു.  പാല്‍ഘര്‍ ആള്‍ക്കൂട്ടകൊലപാതകക്കേസ് ഉന്നയിച്ചവരെ ഒന്നുകില്‍ കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കുകയോ  അവര്‍ക്കെതിരെ FIR രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യുകയാണ്. അഭിഭാഷകന്‍  ദിഗ്‌വിജയ് ത്രിവേദി മരണ൦ കേവലം യാദൃശ്ചികമാണോ? അദ്ദേഹം  ചോദിച്ചു.  

അഭിഭാഷകന്‍  ദിഗ്‌വിജയ് ത്രിവേദിയുടെ മരണം തികച്ചും ഞെട്ടിക്കുന്നതാണെന്ന് ബിജെപി എംപി വിനയ് സഹസ്ത്രബുദ്ധെ പറഞ്ഞു. സംഭവത്തില്‍  അന്വേഷണം വേണം. അന്വേഷണത്തിന് ഉത്തരവിടാൻ ഡിജിപിയോടും  മഹാരാഷ്ട്ര മുഖ്യമന്ത്രിയോടും ആവശ്യപ്പെടുന്നു, അദ്ദേഹം പറഞ്ഞു.

അഭിഭാഷകന്‍റെ അകാലമരണത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്നും വിഎച്ച്പി വക്താവ് വിജയ് ശങ്കർ തിവാരി പറഞ്ഞു.

എന്നാല്‍, സംഭവത്തില്‍, കേസിലെ പ്രമുഖ അഭിഭാഷകന് പറയാനുള്ളത് മറ്റൊന്നാണ്.  അന്വേഷണത്തിന് മുമ്പ് ഒന്നും പറയുന്നത് ശരിയല്ല എന്നായിരുന്നു സീനിയര്‍ അഭിഭാഷകന്‍ പി എന്‍ ഓജ അഭിപ്രായപ്പെട്ടത്.   ദിഗ്‌വിജയ് ത്രിവേദിയ്ക്ക് വിഎച്ച്പിയുമായോ ബജ്‌റംഗ് ദളുമായോ ബിജെപിയുമായോ യാതൊരു ബന്ധവുമില്ല. ജൂനിയർ അഭിഭാഷകനായ അദ്ദേഹത്തിന് കൂടുതല്‍ പ്രവൃത്തി പരിചയം നേടാനുള്ള ആഗ്രഹമുണ്ടായിരുന്നു, അതിനാലാണ് ഈ കേസുമായി അദ്ദേഹം ബന്ധപ്പെട്ടത്, അദ്ദേഹം പറഞ്ഞു. എന്നാല്‍, ദിഗ്‌വിജ് ത്രിവേദിയുടെ അപകടത്തില്‍ ഗൂഢാലോചനയുണ്ട് എന്ന കാര്യം അദ്ദേഹം നിഷേധിച്ചു. 

പാല്‍ഘര്‍ ആള്‍ക്കൂട്ടകൊലപാതകക്കേസിലെ വാദിഭാഗം  അഭിഭാഷകനായ ദിഗ്‌വിജയ് ത്രിവേദി ബുധനാഴ്ചയുണ്ടായ അപകടത്തിലാണ്  മരണപ്പെട്ടത്.  കോടതിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍  അപകടത്തില്‍പ്പെട്ടത്. ദിഗ്‌വിജയ് അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്.

മുംബൈ- അഹമ്മദാബാദ് ദേശീയപാതയില്‍ ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം  സംഭവിച്ചത്. 
ദിഗ്‌വിജയ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. അപകടം  സംഭവിച്ച സമയത്ത് കാര്‍ ഓടിച്ചിരുന്നത് ദിഗ്‌വിജയ് ആയിരുന്നു. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് 18 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തതിന് അടുത്ത ദിവസമാണ് അപകടം ഉണ്ടായത് എന്നതിനാല്‍ അഭിഭാഷകന്‍റെ മരണത്തില്‍  ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായിരിയ്ക്കുകയാണ്. 

കഴിഞ്ഞ ഏപ്രില്‍ പതിനാറിനാണ് മഹാരാഷ്ട്രയിലെ പാര്‍ഘറില്‍ രണ്ട് സന്ന്യാസികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണം ഉണ്ടായത്.  ആക്രമണത്തില്‍ മൂന്ന് പേരും കൊല്ലപ്പെട്ടിരുന്നു.

ആക്രമണം തടുക്കാന്‍ സ്ഥലത്തെത്തിയ പോലീസിനും കഴിഞ്ഞില്ല. പോലീസിന് നേരെയും ആള്‍ക്കൂട്ടം ആക്രമണം നടത്തി. ആക്രമണത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു.  സംഭവത്തില്‍ ഇതുവരെ 120 ഓളം പേരെ അറസ്റ്റ് ചെയ്തു.  

Trending News