കൊറോണ: ഇന്ത്യക്കാരെ തിരിച്ചെത്തിച്ച ജീവനക്കാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇന്ത്യാക്കാരെ വുഹാനില്‍ നിന്നും മടക്കികൊണ്ടുവരുകയെന്ന ദൗത്യത്തിലേര്‍പ്പെട്ട എയര്‍ ഇന്ത്യ ജീവനക്കാരേയും കേന്ദ്ര ആരോഗ്യ സംഘത്തിലെ ജീവനക്കാരെയും അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി രംഗത്ത്.  

Last Updated : Feb 18, 2020, 12:33 PM IST
കൊറോണ: ഇന്ത്യക്കാരെ തിരിച്ചെത്തിച്ച ജീവനക്കാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊറോണ ചൈനയില്‍ വ്യാപകമായി പടര്‍ന്നു കൊണ്ടിരുന്ന സാഹചര്യത്തില്‍ ഇന്ത്യാക്കാരെ വുഹാനില്‍ നിന്നും മടക്കികൊണ്ടുവരുകയെന്ന ദൗത്യത്തിലേര്‍പ്പെട്ട എയര്‍ ഇന്ത്യ ജീവനക്കാരേയും കേന്ദ്ര ആരോഗ്യ സംഘത്തിലെ ജീവനക്കാരെയും അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി രംഗത്ത്.

68 പേരടങ്ങുന്ന എയര്‍ ഇന്ത്യ സംഘത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദന കത്ത് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി കൈമാറി. എയര്‍ ഇന്ത്യ മേധാവിമാര്‍ പങ്കെടുത്ത ചടങ്ങിലാണ് അഭിനന്ദന കത്ത് കൈമാറിയത്.

കൊറോണ ഭീതി ലോകമെങ്ങും പടരുന്ന ആ സമയത്ത് എയര്‍ ഇന്ത്യ ജീവനക്കാര്‍ പ്രകടിപ്പിച്ച ജോലിയോടുള്ള ആത്മാര്‍ത്ഥ അഭിനന്ദനീയമാണെന്ന് ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ക്യാപ്റ്റന്‍ അമിതാഭ് സിംഗ് അടക്കം 8 പൈലറ്റുമാര്‍, 30 എയര്‍ ഹോസ്റ്റസ്, 10 കാബിന്‍ ക്രൂ ഒരു സീനിയര്‍ ഓഫീസര്‍ അടങ്ങുന്ന സംഘമാണ് വുഹാനിലെ ഇന്ത്യക്കാരുമായി മടങ്ങിയെത്തിയത്.

കൂടാതെ ഇവരെ കൊണ്ടുവരാന്‍ സഹായിച്ച സഫ്ദര്‍ജംഗ് ആശുപതിയിലേയും, രാം മനോഹര്‍ ലോഹിയയിലെയും കേന്ദ്ര ആരോഗ്യ സംഘത്തിലെ ജീവനക്കാരെയും പ്രധാനമന്ത്രി അനുമോദിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധനാണ് പ്രധാനമന്ത്രിയുടെ അഭിനന്ദന കത്ത് ആരോഗ്യ സംഘത്തിന് കൈമാറിയത്. 

എയര്‍ ഇന്ത്യയുടെ ബി 747 വിമാനമാണ് ഇന്ത്യ ചൈനയിലേക്ക് അയച്ചത്.  647 ഇന്ത്യക്കാരും 7 മാലിദ്വീപ് സ്വദേശികളെയുമാണ് വുഹാനില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചത്.

Trending News