മോദിയുടെ പത്രസമ്മേളനം മാനസികമായി തോല്‍വി സമ്മതിച്ചതിന്‍റെ തെളിവ്: രാജ് താക്കറെ

ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്നത് തിരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ചതിന്‍റെ ലക്ഷണമാണെന്ന് എം.എന്‍.എസ് തലവന്‍ രാജ് താക്കറെ. 

Updated: May 19, 2019, 06:18 PM IST
മോദിയുടെ പത്രസമ്മേളനം മാനസികമായി തോല്‍വി സമ്മതിച്ചതിന്‍റെ തെളിവ്: രാജ് താക്കറെ

മുംബൈ: ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്നത് തിരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ചതിന്‍റെ ലക്ഷണമാണെന്ന് എം.എന്‍.എസ് തലവന്‍ രാജ് താക്കറെ. 

യഥാര്‍ത്ഥത്തില്‍ നടന്നത് വാര്‍ത്താ സമ്മേളനമല്ല ‘മൗന്‍ കീ ബാത്ത്’ ആണെന്നും രാജ് താക്കറെ പറഞ്ഞു. 

‘അമിത് ഷാ എല്ലാ കാര്യങ്ങളും പറയുമായിരുന്നെങ്കില്‍ പ്രധാനമന്ത്രി എന്തിനാണ് പത്രസമ്മേളനത്തില്‍ വന്നിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം താന്‍ ചെയ്തതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് മാനസികമായി തോല്‍വി സമ്മതിച്ചുവെന്നതിന്‍റെ തെളിവാണ്’ രാജ് താക്കറെ പറഞ്ഞു.

മറ്റുള്ളവരെ കേള്‍ക്കാന്‍ മോദിയ്ക്ക് ധൈര്യമില്ലെന്നും ഇത്രയും കാലം മോദി സംസാരിക്കുകയും ജനങ്ങള്‍ കേള്‍ക്കുകയുമാണുണ്ടായതെന്നും രാജ് താക്കറെ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.എന്‍.എസ് മത്സരിക്കുന്നില്ലെങ്കിലും മോദി സര്‍ക്കാരിന്‍റെ കടുത്ത വിമര്‍ശകനായി മാറിയ രാജ് താക്കറെയ്ക്ക് പ്രചാരണങ്ങളില്‍ വലിയ പിന്തുണ ലഭിച്ചിരുന്നു.

അധികാരമേറ്റ് അഞ്ച് വര്‍ഷത്തിനു ശേഷമാണ് പ്രധാനമന്ത്രി ആദ്യമായി വാര്‍ത്താസമ്മേളനം നടത്തിയത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്കൊപ്പമാണ് മോദി മാധ്യമപ്രവര്‍ത്തകരെ കണ്ടത്. 

റഫാല്‍ അഴിമതി, പ്രഗ്യാ സിംഗ്  ഠാക്കൂറിന്‍റെ സ്ഥാനാര്‍ഥിത്വം തുടങ്ങിയ എല്ലാം ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയത് അമിത് ഷായായിരുന്നു.