മന്ത്രിമാര്‍ 9:30 ന് ഓഫീസിലെത്തണം; കര്‍ശന നിര്‍ദ്ദേശവുമായി മോദി

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ താന്‍ പിന്തുടര്‍ന്ന ശീലം ഓര്‍മിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ഈ നിര്‍ദ്ദേശങ്ങള്‍.   

Last Updated : Jun 13, 2019, 01:12 PM IST
മന്ത്രിമാര്‍ 9:30 ന് ഓഫീസിലെത്തണം; കര്‍ശന നിര്‍ദ്ദേശവുമായി മോദി

ന്യൂഡല്‍ഹി: മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രിമാര്‍ രാവിലെ 9:30 ന് തന്നെ ഓഫീസില്‍ എത്തിച്ചേരണമെന്നാണ് നിര്‍ദ്ദേശം. 

വൈകി ഓഫീസില്‍ എത്തുന്നതും വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നതും ഒഴിവാക്കണമെന്നും പാര്‍ലമെന്റ് കൂടുന്ന 40 ദിവസങ്ങളില്‍ ഡല്‍ഹിയ്ക്ക് പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും മോദി മന്ത്രിമാരോട് നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മന്ത്രിമാര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.  

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ താന്‍ പിന്തുടര്‍ന്ന ശീലം ഓര്‍മിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ഈ നിര്‍ദ്ദേശങ്ങള്‍. ആ സമയം രാവിലെ കൃത്യസമയത്ത് ഓഫീസില്‍ എത്തിയതുകൊണ്ട് ദിവസേന ചെയ്ത് തീര്‍ക്കേണ്ട ജോലികള്‍ കൃത്യമായി അസൂത്രണം ചെയ്യാന്‍ സാധിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  

തിരഞ്ഞെടുക്കപ്പെട്ട എംപിമാരെ സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാനും മന്ത്രിമാര്‍ സമയം കണ്ടെത്തണമെന്നും പുതിയ വികസന പദ്ധതികളെക്കുറിച്ച് വിശകലനം ചെയ്യാനായി ഒത്തുചേരണമെന്നും മോദി നിര്‍ദ്ദേശിച്ചു.

അടുത്ത 100 ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചു വര്‍ഷത്തേക്കുള്ള സര്‍ക്കാരിന്‍റെ പ്രവര്‍ത്തങ്ങള്‍ വിശദീകരിക്കുന്ന അജണ്ട രൂപീകരിക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

സഹമന്ത്രിമാര്‍ക്ക് കൃത്യമായ പ്രാധാന്യം നല്‍കണമെന്നും ഉത്തരവാദിത്വം പങ്ക് വയ്ക്കുന്നതിന്‍റെ ഭാഗമായി പ്രധാന ഫയലുകള്‍ അവരുമായും പങ്ക് വയ്ക്കണമെന്നും സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് തീരുമാനങ്ങള്‍ വേഗത്തിലെടുക്കാന്‍ സാധിക്കുമെന്നും ഇതുവഴി ഫയലുകള്‍ കെട്ടികിടക്കുന്ന പ്രവണത ഒഴിവാക്കാനാകുമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.  

Trending News