പ്രധാനമന്ത്രി ഇന്ന് രാത്രി 8ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ജമ്മു-കശ്മീരിനെ സംബന്ധിക്കുന്ന നിര്‍ണ്ണായക തീരുമാനങ്ങള്‍, അതായത്, ആർട്ടിക്കിൾ 370, 35എ നീക്കം ചെയ്തതും, സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതുമടക്കം കേന്ദ്ര സർക്കാർ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തോട് സംസാരിക്കും.

Last Updated : Aug 8, 2019, 04:44 PM IST
പ്രധാനമന്ത്രി ഇന്ന് രാത്രി 8ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിനെ സംബന്ധിക്കുന്ന നിര്‍ണ്ണായക തീരുമാനങ്ങള്‍, അതായത്, ആർട്ടിക്കിൾ 370, 35എ നീക്കം ചെയ്തതും, സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതുമടക്കം കേന്ദ്ര സർക്കാർ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തോട് സംസാരിക്കും.

ജമ്മു-കശ്മീരിനെ സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങള്‍ തിങ്കളാഴ്ചയാണ് പാര്‍ലമെന്‍റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചത്. കൂടാതെ, ഇത് സംബന്ധിച്ച രാഷ്ട്രപതി ഒപ്പുവച്ച വിജ്ഞാപനവും പുറത്തുവന്നു. പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വിജ്ഞാപനം പുറത്തുവന്നത്.

ജമ്മു-കശ്മീരിനെ രണ്ടായി വിഭജിച്ച് ലഡാക്ക്, ജമ്മു കാശ്മീര്‍ എന്നിങ്ങനെ 2 കേന്ദ്രഭരണപ്രദേശമാക്കി. കൂടാതെ, കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ജമ്മു-കശ്മീരിനെ സംബന്ധിക്കുന്ന ബില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പാസാക്കി.

ബില്ലിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്:-

* ഭരണഘടനയുടെ 35 എ, 370 അനുച്ഛേദങ്ങള്‍ എടുത്തുകളഞ്ഞു. ഇതോടെ ഇനി ജമ്മു-കശ്മീരിന് പ്രതേക പദവിയില്ല. 

* ജമ്മു-കശ്മീര്‍ ഇനി കേന്ദ്രഭരണ പ്രദേശമായിരിക്കും. ജമ്മു-കശ്മീരില്‍ നിയമസഭ ഉണ്ടായിരിക്കും.

* ലഡാക്ക് ഇനി കശ്മീരിന്‍റെ ഭാഗമല്ല. ലഡാക്ക് മറ്റൊരു കേന്ദ്രഭരണ പ്രദേശമായിരിക്കും. പക്ഷെ ലഡാക്കില്‍ നിയമസഭ ഉണ്ടായിരിക്കില്ല.

പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണ് ബില്‍ പാസാക്കിയത്. മോദിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിന് ശേഷമായിരുന്നു നിര്‍ണായ നീക്കം. 

പൂര്‍ണ്ണ തയ്യാറെടുപ്പോടെയായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം. സംസ്ഥാനത്ത് ക്രമസമാധാനനില തകരാതെ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു. 

ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ജമ്മു-കശ്മീരില്‍ കൂടുതല്‍ സേനയെ നിയോഗിക്കുകയും 144 പ്രഖ്യാപിക്കുകയും കൂടാതെ പ്രാദേശിക നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു.

 

Trending News