ബ്രിക്‌സ് ഉച്ചകോടി: വന്‍ ആയുധ കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെക്കും

ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനം. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന മോദി- പുടിന്‍ കൂടിക്കാഴ്ചയില്‍ കൂടുതല്‍ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യയും റഷ്യയും ധാരണയിലെത്തും. 

Last Updated : Oct 14, 2016, 12:18 PM IST
ബ്രിക്‌സ് ഉച്ചകോടി: വന്‍ ആയുധ കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെക്കും

ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനം. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന മോദി- പുടിന്‍ കൂടിക്കാഴ്ചയില്‍ കൂടുതല്‍ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യയും റഷ്യയും ധാരണയിലെത്തും. 

വ്യോമമേഖലയില്‍ അത്യാധുനിക സംവിധാനങ്ങള്‍ കൈമാറാനുള്ള 39000 കോടിയുടെ ഉടമ്പടി ഇന്ത്യയും റഷ്യയും ഒപ്പ് വെയ്ക്കും. റഷ്യയുടെ അത്യാധുനിക മിസൈലായ എസ് 400 ട്രയംഫ് ഇന്ത്യയ്ക്ക് കൈമാറുകയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഉടമ്പടി.

ശനിയാഴ്ച ഗോവയില്‍ ആരംഭിക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുടിന്‍ എത്തുന്നുണ്ട്. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക കൂടിക്കാഴ്ചയിലാകും കരാര്‍ ഒപ്പുവെക്കുകയെന്ന് റഷ്യയുടെ ഔദ്യോഗിക വാര്‍ത്താഏജന്‍സി വ്യക്തമാക്കി. ഈ കാര്യം കേന്ദ്ര പ്രതിരോധമന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.

വ്യാപാര, സാമ്പത്തിക രംഗങ്ങളില്‍ ഭാരതവും റഷ്യയും തമ്മില്‍ ഉഭയകക്ഷി സഹകരണം വിപുലപ്പെടുത്താനുള്ള ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രി സഭായോഗം ഇന്നലെ അനുമതി നല്‍കിയിട്ടുണ്ട്.
ഇന്ത്യയും റഷ്യയും തമ്മില്‍ നിലവിലുള്ള വ്യാപാര സാമ്പത്തിക സഹകരണം വിപുലപ്പെടുത്താന്‍ ഈ ധാരണാപത്രം വഴിയൊരുക്കും.

അമേരിക്കയുടെ എഫ് 35 വിമാനങ്ങള്‍ പോലും വെടിവെച്ചിടാന്‍ കഴിയുന്നവയാണ് എസ് 400. ഇത്തരം അഞ്ച് വ്യോമപ്രതിരോധ സംവിധാനം വാങ്ങാനാണ് തീരുമാനം. 400 കിലോമീറ്റര്‍ പരിധിയില്‍ മുന്നൂറിലധികം ശത്രു മിസൈലുകള്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടങ്ങിയവ തിരിച്ചറിയാനും വെടിവച്ച് വീഴ്ത്താനും ഇവയ്ക്ക് കഴിയും. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ട്രയംഫ് മിസൈലുകള്‍ വാങ്ങുന്നതു സംബന്ധിച്ച് ഇന്ത്യ, റഷ്യയുമായി പ്രാഥമിക ധാരണയിലത്തെിയത്. പുതിയ വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം യാഥാര്‍ത്ഥ്യമാകുന്നതോടെ പാകിസ്താന്റെയും ചൈനയുടെയും വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യയ്ക്ക് സാധിക്കും.

More Stories

Trending News