പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

മോദിക്കൊപ്പം അമിത് ഷാ അടക്കം ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും എൻഡിഎ നേതാക്കളും കളക്ട്രേറ്റിലെത്തിയിരുന്നു.   

Last Updated : Apr 26, 2019, 12:14 PM IST
പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

വാരണാസി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. വാരാണസി ജില്ലാ കളക്ട്രേറ്റിലെത്തിയാണ് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. 

 

 

മോദിക്കൊപ്പം അമിത് ഷാ അടക്കം ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും എൻഡിഎ നേതാക്കളും കളക്ട്രേറ്റിലെത്തിയിരുന്നു. ജില്ലാ റൈഫിൾ ക്ലബിലാണ് പത്രികാ സമര്‍പ്പണത്തിന് സൗകര്യങ്ങൾ ഒരുക്കിയിരുന്നത്. 

പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയും ക്ഷേത്ര സന്ദര്‍ശനവും കഴിഞ്ഞാണ് മോദി പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. രാവിലെ കാലഭൈരവ ക്ഷേത്രത്തിലാണ് അദ്ദേഹം ദര്‍ശനം നടത്തിയത്. നാമനിര്‍ദ്ദേശ പത്രികയുടെ സമര്‍പ്പണത്തിന് മുന്നോടിയായുള്ള പരിപാടികള്‍ക്ക് രാവിലെ 8 മണിയോടെ തുടക്കമായിരുന്നു.

നാമനിര്‍ദ്ദേശ സമര്‍പ്പണത്തിന് മുന്നോടിയായി ഇന്നലെ വാരാണസിയില്‍ നടന്ന റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യയുടെ സ്മാരകത്തിന് മുന്നില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. മാളവ്യയുടെ ശില്‍പ്പത്തില്‍ ഹാരാര്‍പ്പണം നടത്തിയാണ് മോദി റോഡ് ഷോയ്ക്ക് തുടക്കമിട്ടത്. 

ഏഴ് കിലോമീറ്ററോളം നീണ്ട റോഡ് ഷോ ദശാശ്വമേഥ് ഘട്ടിലാണ് സമാപിച്ചത്. ദശാശ്വമേഥ് ഘട്ടില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പങ്കെടുത്തു.

2014ല്‍ നരേന്ദ്രമോദി വന്‍ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്നും വിജയിച്ചത്. ആപ്പ് നേതാവ് അരവിന്ദ് കെജ്രിവാളിനായിരുന്നു രണ്ടാം സ്ഥാനം. കോണ്‍ഗ്രസിന്റെ അജയ് റായിക്കായിരുന്നു മൂന്നാം സ്ഥാനം. ഇത്തവണയും അജയ് റായിയാണ് വാരാണസിയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മെയ് 19നാണ് വാരാണസിയില്‍ ലോക്സഭ തിരഞ്ഞെടുപ്പ്.

Trending News