എല്ലാം തുടക്കം മാത്രം; കളി കാണാന്‍ പോകുന്നതേയുള്ളൂ - പ്രധാനമന്ത്രി

രണ്ടാം മോദി സര്‍ക്കാരിന്റെ പ്രാരംഭ ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വെറുമൊരു തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

Updated: Feb 14, 2020, 07:10 PM IST
എല്ലാം തുടക്കം മാത്രം; കളി കാണാന്‍ പോകുന്നതേയുള്ളൂ - പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ പ്രാരംഭ ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വെറുമൊരു തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

ശരിക്കുള്ള കളി കാണാന്‍ പോകുന്നതേയുള്ളൂ എന്നും പത്ത് വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

‘ഇന്ത്യ ആക്ഷന്‍ പ്ലാന്‍ 2020’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരയില്‍ മുഴുവന്‍ മികച്ച പ്രകടനം പുറത്തെടുക്കുക, പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുക, അത് ഇന്ത്യയുടെ പരമ്പരയാക്കി മാറ്റുക എന്നിവയാണ് ലക്ഷ്യം. 

ഫ്രണ്ട് ഫൂട്ടില്‍ ഊന്നി കളിക്കാനാണ് ഇന്ത്യ ഇഷ്ടപ്പെടുന്നത്. വെറും 8 മാസം മാത്രം പ്രായമുള്ള സര്‍ക്കാര്‍ ഇതിനോടകം തന്നെ തീരുമാനങ്ങളില്‍ സെഞ്ച്വറി നേടിക്കഴിഞ്ഞു. തീരുമാനങ്ങള്‍ അതിവേഗം നടപ്പിലാക്കിയാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെന്ന് ഇന്ത്യയെ ക്രിക്കറ്റിനോട് ഉപമിച്ച് അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയില്‍ അനധികൃത കോളനികള്‍ നിയമവിധേയമാക്കി, മധ്യവര്‍ഗത്തിനായി പ്രത്യേക ഫണ്ട് സൃഷ്ടിച്ചു, കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയും ചിട്ടികള്‍ നിയന്ത്രിക്കുന്നതിനെതിരെയും നിയമം കൊണ്ടുവന്നു, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, മുത്വലാഖ് നിരോധിച്ചു, കോര്‍പ്പറേറ്റ് നികുതി കുറച്ചു, യുദ്ധവിമാനങ്ങള്‍ വിതരണം ചെയ്യുന്നു, രാമ ക്ഷേത്രത്തില്‍ വിശ്വാസം സൃഷ്ടിച്ചു, പൗരത്വ നിയമം ഭേദഗതി ചെയ്തു തുടങ്ങിയ സുപ്രധാന തീരുമാനങ്ങളെടുത്തു കഴിഞ്ഞതായി പ്രധാനമന്ത്രി വ്യക്തമാക്കി.