മന്‍ കി ബാത്തില്‍ ജലസംരക്ഷണം ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ പ്രധാനമന്ത്രി

ജലസംരക്ഷത്തിനായി സ്വഛ് ഭാരതിന് സമാനമായ ദേശീയ മുന്നേറ്റങ്ങള്‍ ആരംഭിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.   

Last Updated : Jun 30, 2019, 01:38 PM IST
മന്‍ കി ബാത്തില്‍ ജലസംരക്ഷണം ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്‍റെ ആദ്യ എപ്പിസോഡ് ഇന്ന് തുടങ്ങി. ആദ്യത്തെ എപ്പിസോഡില്‍ അദ്ദേഹം തന്‍റെ കേദാര്‍നാഥ് യാത്രയെക്കുറിച്ച് അനുസ്മരിച്ചു.

യാത്രയെകുറിച്ച് പറഞ്ഞപ്പോള്‍ ഈ യാത്രയില്‍ രാഷ്ട്രീയമില്ലെന്നും തികച്ചും തനിക്കുകിട്ടിയ വ്യക്തിപരമായ അവസരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രി പറഞ്ഞതില്‍ പ്രധാന്യമര്‍ഹിക്കുന്ന മറ്റൊന്ന് ജലസംരക്ഷണമാണ്. ജലസംരക്ഷണത്തിന്‍റെ പ്രധാന്യം ഓര്‍മിപ്പിക്കുന്നതിനാണ് മന്‍ കി ബാത്തില്‍ അദ്ദേഹം ഏറെ ശ്രദ്ധ നല്‍കിയത് എന്ന് തന്നെ പറയാം. 

ജലസംരക്ഷത്തിനായി സ്വഛ് ഭാരതിന് സമാനമായ ദേശീയ മുന്നേറ്റങ്ങള്‍ ആരംഭിക്കേണ്ടി വരുമെന്നും ഞാന്‍ എല്ലാ ഇന്ത്യക്കാരോടും അതിനായി അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

പ്രമുഖരായിട്ടുള്ള ആളുകള്‍ ഉള്‍പ്പെടെ ജീവിതത്തിന്‍റെ നാനാ തുറകളിലുള്ള എല്ലാവരും ജല സംരക്ഷണത്തെ കുറിച്ച് ബോധവത്കരണം നടത്തണമെന്നും.

ജല സംരക്ഷണത്തിന് വേണ്ടി പരമ്പരാഗതമായി ചെയ്ത കാര്യങ്ങളെകുറിച്ചുള്ള അറിവുകള്‍ ദയവ് ചെയ്ത് പങ്കുവെക്കണമെന്നും ജലത്തിനായി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും വ്യക്തികളെ കുറിച്ചോ സന്നദ്ധ സംഘടനകളെ കുറിച്ചോ നിങ്ങള്‍ക്കറിയുമെങ്കില്‍ അവരെ കുറിച്ച് പങ്കുവെക്കണമെന്നും മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

ജലസംരക്ഷണത്തിന് ഒരു നിശ്ചിത മാര്‍ഗമില്ല.  ഓരോ പ്രദേശങ്ങളിലും സ്ഥലങ്ങളിലും ഓരോരോ രീതികളാണ്. എന്നിരുന്നാലും ഓരോ തുള്ളി ജലവും നമുക്ക് സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളില്‍ തനിക്ക് എന്നും വിശ്വാസമാണെന്ന് പറഞ്ഞാണ് രണ്ടാം എഡിഷന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. അതുകൊണ്ടാണ് താന്‍ ഫെബ്രുവരിയില്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം നമ്മള്‍ വീണ്ടും കാണുമെന്ന് പറഞ്ഞെതെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ അതിനെ എന്‍റെ അമിത ആത്മവിശ്വാസമായി പറഞ്ഞിരുന്നു.  

എന്നാല്‍ എനിക്ക് എല്ലായ്പ്പോഴും ജനങ്ങളില്‍ വിശ്വാസമുണ്ട്. അതുകൊണ്ടാണ് അത്തരം വാഗ്ദാനങ്ങള്‍ നല്‍കാന്‍ സാധിക്കുന്നതെന്നും മോദി പറഞ്ഞു. 

Trending News