ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ബ്രസീലിലേക്ക്

ഇത് ആറാമത്തെ തവണയാണ് പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.   

Last Updated : Nov 12, 2019, 10:22 AM IST
ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ബ്രസീലിലേക്ക്

ന്യൂഡല്‍ഹി: പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രസീലിലേയ്ക്ക്. 

നവംബര്‍ 13, 14 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. ഇത് ആറാമത്തെ തവണയാണ് പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിയോടൊപ്പം ഇന്ത്യയിലെ പ്രമുഖ വ്യവസായികളും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

നൂതന ഭാവിക്കായുള്ള സാമ്പത്തിക വളര്‍ച്ച എന്നതാണ് പതിനൊന്നാമത് ഉച്ചകോടിയുടെ പ്രമേയം. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുന്‍പ് റഷ്യന്‍ പ്രസിഡന്റുമായും, ചൈനീസ് പ്രസിഡന്റുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

കൂടാതെ ബ്രിക്സ് ബിസിനസ്‌ ഫോറത്തിന്‍റെ സമാപന സമ്മേളനത്തിലും, ഉച്ചകോടിയുടെ പ്ലീനറി സെഷനിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ബ്രിക്സ് നേതാക്കളും ബ്രിക്സ് ബിസിനസ് കൗണ്‍സില്‍ അംഗങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ചയിലും മോദി പങ്കെടുക്കും. കൂടിക്കാഴ്ചയില്‍ ബ്രിക്സ് ബിസിനസ് കൗണ്‍സിലും, ന്യൂഡെവലപ്മെന്‍റ് ബാങ്ക് മേധാവിയും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കും. 
 

Trending News