ഇവാന്‍കാ ട്രംപിന് 'ഫലാക്‌നുമാ' കൊട്ടാരത്തില്‍ പ്രധാനമന്ത്രി വിരുന്നൊരുക്കും

  

Last Updated : Nov 22, 2017, 04:37 PM IST
ഇവാന്‍കാ ട്രംപിന് 'ഫലാക്‌നുമാ' കൊട്ടാരത്തില്‍ പ്രധാനമന്ത്രി വിരുന്നൊരുക്കും

ഹൈദരാബാദ്: ത്രിദിന ഇന്ത്യൻ സന്ദർശനത്തിന്‍റെ ഭാഗമായി ഹൈദരാബാദിൽ എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ മകളും ഉപദേഷ്ടാവുമായ ഇവാൻക ട്രംപിന് ഹൈദരാബാദിലെ 'ഫലാക്‌നുമ' കൊട്ടാരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴ വിരുന്ന് ഒരുക്കും. ഗ്ലോബൽ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റിന്‍റെ ഭാഗമായി ഹൈദരാബാദിൽ എത്തുന്ന ഇവാൻകയ്ക്ക് നവംബർ 28നാണ് അത്താഴ വിരുന്ന് ഒരുക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണ മുറിയെന്ന വിശേഷണമാണ് ഫലാക്‌നുമ കൊട്ടാരത്തിലെ നൈസാമിന്‍റെ ഭക്ഷണമുറിക്കുള്ളത്. പ്രസിദ്ധമായ ഹൈദരാബാദ് ബിരിയാണി ഉൾപ്പെടെ ഇന്ത്യയിലെ വിവിധയിടങ്ങളിലെ വ്യത്യസ്ഥമായ ഭക്ഷണവിഭവങ്ങൾ ഇവിടെ നിന്ന് ലഭിക്കും. രണ്ട് രീതിയിലുള്ള അത്താഴ വിരുന്നാണ് പാലസിൽ തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട അതിഥികൾക്ക് 101-മത്തെ മുറിയിലും മറ്റുള്ളവർക്ക് അതേ വിഭവങ്ങൾ തന്നെ പുറത്ത് നിന്നും ലഭിക്കും. 100 അതിഥികളെ ഉള്‍ക്കൊള്ളാവുന്ന 108 അടി നീളമുള്ള തീന്‍മേശയാണ് ഭക്ഷണമുറിയിലുള്ളത്. അത്താഴവിരുന്ന് കൂടാതെ ഇന്ത്യൻ സംസ്‌കാരിക പൈതൃകം വ്യക്തമാക്കുന്ന കലാപരിപാടികളും കൊട്ടാരത്തിൽ അരങ്ങേറും.

Trending News