മോഹന്‍ ഭാഗവതിനെ പതാക ഉയര്‍ത്തുന്നതില്‍ വിലക്കിയ സംഭവം: പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

മോഹന്‍ ഭാഗവതിനെ പതാക ഉയര്‍ത്തുന്നതില്‍ വിലക്കിയ സംഭവം: പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

Last Updated : Aug 29, 2017, 11:27 AM IST
മോഹന്‍ ഭാഗവതിനെ പതാക ഉയര്‍ത്തുന്നതില്‍ വിലക്കിയ സംഭവം: പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

ന്യൂഡല്‍ഹി: സ്വാതന്ത്രദിനത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ പതാക ഉയര്‍ത്തുന്നതിൽ നിന്ന് വിലക്കിയ പാലക്കാട്‌ ജില്ലാ ഭരണകൂടത്തിന്‍റെ നടപടിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. 

ബിജെപി പാലക്കാട് ജില്ലാ അദ്ധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടിയത്. സ്വാതന്ത്ര്യ ദിനാഘോഷം അട്ടിമറിക്കാന്‍ ശ്രമം നടത്തിയത്, വിചിത്രമായ നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്‌. ചീഫ് സെക്രട്ടറിക്കാണ് മറുപടി ആവശ്യപ്പെട്ടുളള നോട്ടീസ് ലഭിച്ചത്. അതുകൂടാതെ പരാതിക്കാരന് മറുപടി നല്‍കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

എയ്ഡഡ് സ്‌കൂളായ പാലക്കാട്ടെ കര്‍ണ്ണകിയമ്മന്‍ സ്‌കൂളിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങില്‍ പാതാക ഉയര്‍ത്തുന്നതിനായിരുന്നു വിലക്ക്. എയ്ഡഡ് സ്‌കൂളുകളില്‍ നിലവിലുളള ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോഹന്‍ ഭാഗവതിനെ നേരത്തെ കളക്ടര്‍ വിലക്കിയത്. എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ സ്വാതന്ത്ര്യപതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാണിച്ച് നിര്‍ദേശം നല്‍കുകയായിരുന്നു. ജനപ്രതിനിധികള്‍ക്കോ, പ്രധാന അധ്യാപകനോ പതാക ഉയര്‍ത്താമെന്നും രാഷ്ട്രീയ നേതാക്കളെ എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്താന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നുമാണ് കളക്ടര്‍ വ്യക്തമാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സ്‌കൂള്‍ അധികൃതര്‍ക്കും എസ്പിക്കും ആര്‍എസ്എസ് നേതൃത്വത്തിനും കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. 

എന്നാല്‍ ജില്ലാ ഭരണകൂടത്തിന്‍റെ വിലക്ക് ലംഘിച്ചാണ് ആര്‍എസ്എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ഭാഗവത് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന്  എയ്ഡഡ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയത്. ഈ സ്കൂള്‍ ആര്‍എസ്എസ് ആഭിമുഖ്യമുളള മാനേജ്മെന്റിന്‍റെ നിയന്ത്രണത്തിലാണെന്നും പറയപ്പെടുന്നു. സ്വാതന്ത്ര്യ ദിനാഘോഷം അട്ടിമറിക്കാന്‍ ശ്രമം നടത്തിയത്, വിചിത്രമായ നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്‌.

സ്‌കൂള്‍ മാനെജ്‌മെന്റ് അംഗങ്ങളും പ്രിന്‍സിപ്പലും അടക്കമുളളവര്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ജില്ലാ കളക്ടര്‍ ഉത്തരവ് കൈമാറിയിരുന്നെങ്കിലും പൊലീസ് സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംയമനം പാലിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിലക്ക് ലംഘിച്ച് പതാക ഉയര്‍ത്തിയതിന് മോഹന്‍ ഭാഗവതിന് എതിരെ നിയമനടപടികള്‍ പൊലീസ് സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 

ചടങ്ങിനെതിരെ ഉയര്‍ന്ന ഏറ്റവും വലിയ പരാതി ചടങ്ങില്‍ ദേശീയഗാനം ആലപിച്ചില്ല എന്നുള്ളതാണ്. ദേശീയഗാനത്തിനു പകരം ദേശീയഗീതമായ വന്ദേമാതരമാണ് ഇവിടെ ആലപിച്ചത്. ഇത് നാഷണല്‍ ഫ്‌ളാഗ് കോഡിന്‍റെ ലംഘനമാണെന്ന പരാതി ഉയര്‍ന്നിരുന്നു. ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം ദേശീയഗാനമാണ് ചൊല്ലേണ്ടത്.

Trending News