പിഎന്‍ബി തട്ടിപ്പിലെ സൂത്രധാരന്‍ നീരവ് മോദിയല്ല; വെളിപ്പെടുത്തലുമായി കുറ്റപത്രം

പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാന വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. 

Last Updated : Jul 27, 2018, 05:16 PM IST
പിഎന്‍ബി തട്ടിപ്പിലെ സൂത്രധാരന്‍ നീരവ് മോദിയല്ല; വെളിപ്പെടുത്തലുമായി കുറ്റപത്രം

ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാന വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. 

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പിഎന്‍ബി തട്ടിപ്പിലെ മുഖ്യ സൂത്രധാരന്‍ നീരവ് മോദിയല്ല, നീരവിന്‍റെ അമ്മാവന്‍ മെഹുല്‍ ചോക്സിയാണ് എന്നാണ് പറയുന്നത്. 13,000 കോടിയുടെ തട്ടിപ്പ് നടത്തിയത് നീരവ് മോദിയാണ് എന്നായിരുന്നു മുന്‍പ് പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. 

എന്നാല്‍ ഇന്ത്യയിലെ ബാങ്കിംഗ് വ്യവസ്ഥയെ പിടിച്ചു കുലുക്കിയ ഈ തട്ടിപ്പ് കേസില്‍ ഇരുവരും കുറ്റാരോപിതരാണ്. 
 
അതേസമയം, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നത്, തട്ടിപ്പിനുവേണ്ടി രൂപീകൃതമായ കമ്പനികള്‍ വെറും കടലാസില്‍ മാത്രമൊതുങ്ങിയിരുന്നുവെന്നും എല്ലാ തീരുമാനങ്ങളുമെടുത്തിരുന്നത് മെഹുല്‍ ചോക്സിയാണെന്നുമാണ്.  ഇത്തരം കടലാസ് കമ്പനികള്‍ക്ക് നിയമിച്ചിരുന്ന ഡയറക്ടർമാരും പങ്കാളികളും വെറും ഡമ്മി മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ബാങ്ക് തട്ടിപ്പ് ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും മെഹുല്‍ ചോക്സിയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

അതേസമയം, മെഹുല്‍ ചോക്സി തന്‍റെ ഒളിസങ്കേതം കരീബിയന്‍ ദ്വീപായ ആന്‍റിഗ്വയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സ്വന്തം വ്യവസായം വികസിപ്പിക്കുന്നതിനായാണ് ആന്‍റിഗ്വ ആന്‍ഡ് ബര്‍ബുഡ രാജ്യത്തിലെ പൗരത്വം എടുത്തതെന്നാണ് ചോക്‌സിയുടെ അഭിഭാഷകന്‍ വ്യക്തമാക്കുന്നത്. കരീബിയയിലേക്ക് വ്യവസായം വികസിപ്പിക്കാമെന്നതും 130 രാജ്യങ്ങളില്‍ വിസ ഇല്ലാതെ യാത്ര ചെയ്യാമെന്നതുമായിരുന്നു ഈ നടപടിയ്ക്ക് പിന്നിലെന്നും അഭിഭാഷകന്‍ പറഞ്ഞു.

ആന്‍റിഗ്വയിലെ നിക്ഷേപ പദ്ധതി പ്രകാരമാണ് പൗരത്വത്തിനുള്ള അപേക്ഷ നല്‍കിയത്. വ്യവസായ വളര്‍ച്ചയ്ക്കായാണ് ഇതെന്നും മെഹുല്‍ ചോക്സി പത്രപ്പരസ്യം വഴി വെളിപ്പെടുത്തി.

വജ്ര വ്യാപാരി നിരവ് മോദിയും അമ്മാവന്‍ ചോക്സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി തട്ടിയെടുത്ത് വിദേശത്തേക്ക് മുങ്ങി എന്നതാണ് കേസ്.

 

Trending News