ന്യൂഡല്‍ഹി: ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയപാർട്ടികൾക്ക് വരുന്ന പണത്തിന്‍റെ വിശദാംശങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കണമെന്ന് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. മുദ്ര വച്ച കവറിലാണ് വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മെയ് 15 വരെ ഇലക്ടറൽ ബോണ്ടുകൾ വഴി കിട്ടിയ പണത്തിന്‍റെ വിവരങ്ങൾ മെയ്‌ 30നകം അറിയിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. 


അസോസിയേഷൻ ഓഫ് ഇലക്ടറൽ റിഫോംസും സിപിഎമ്മും നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബഞ്ചിന്‍റെ ഉത്തരവ്. ഉറവിടം കാണിക്കാതെ പണം സ്വീകരിക്കാൻ അനുമതി നൽകുന്ന ഇലക്ടറൽ ബോണ്ട് സംവിധാനത്തിൽ സുതാര്യത ഉറപ്പാക്കുന്നതാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്. 


എന്തൊക്കെ വിവരങ്ങളാണ് നല്‍കേണ്ടതെന്നും പ്രത്യേക നിര്‍ദ്ദേശമുണ്ട്. ആരൊക്കെയാണ് പണം നൽകിയത്, അവരുടെ വിശദാംശങ്ങൾ എന്ത് എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കണം. ''തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായി നടത്തുന്നതിൽ ഇലക്ടറൽ ബോണ്ട് സംവിധാനത്തിലെ ഇപ്പോഴത്തെ ചട്ടങ്ങൾ വലിയ തടസ്സം തന്നെയാണെ''ന്ന് ഉത്തരവിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ചൂണ്ടിക്കാട്ടി. ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിലായി 50 ദിവസങ്ങളിലായാണ് ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ ഇപ്പോൾ അവസരമുള്ളത്. 


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ഇലക്ടറൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യാൻ ഏപ്രിലിലും മെയ് മാസത്തിലും അഞ്ച് ദിവസം കൂടുതൽ നൽകിയ കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ നടപടി പുനഃപരിശോധിക്കാനും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. 


അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷൻ ഇലക്ടറൽ ബോണ്ടുകൾ രാഷ്ട്രീയപാർട്ടികളിൽ വലിയ അഴിമതിക്ക് കളമൊരുക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി. ഷെൽ കമ്പനികൾ വഴി ആർക്ക് വേണമെങ്കിലും ബോണ്ടുകൾ വാങ്ങി പാർട്ടികൾക്ക് പണമെത്തിക്കാമെന്ന സ്ഥിതിയാണ്. ഇത് ആരാണ് വാങ്ങിയതെന്ന വിവരം ലഭിക്കില്ലെന്ന സാഹചര്യത്തിൽ ഇതിലെ അഴിമതി തിരിച്ചറിയാനും കഴിയില്ല, പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. 


അതേസമയം, ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ നിലപാടാണ്‌ സ്വീകരിച്ചത് എന്നത് ശ്രദ്ധേയമായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച് ഇപ്പോഴുള്ള ചട്ടങ്ങൾ പുനഃപരിശോധിക്കേണ്ടതില്ലെന്ന നിലപാടാണ് സുപ്രീംകോടതിയിൽ സ്വീകരിച്ചത്. എന്നാല്‍ ഇലക്ട‌റൽ ബോണ്ടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയാൻ വോട്ടർമാർക്ക് അവകാശമില്ലെന്ന് കേന്ദ്രസർക്കാരും വാദിച്ചു. എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച ചീഫ് ജസ്റ്റിസ് 'ഇതാണോ കള്ളപ്പണത്തിനെതിരായ പോരാട്ട'മെന്നാണ് ചോദിച്ചത്. 


ഈ ഹര്‍ജിയില്‍ സുപ്രീംകോടതി വീണ്ടും വാദം കേള്‍ക്കും.