ഉത്തര്‍ പ്രദേശില്‍ പരിശോധന ഇല്ല, അതുകൊണ്ട് കോവിഡ് ഇല്ല...!! പ്രിയങ്ക ഗാന്ധി

  ഉത്തര്‍ പ്രദേശില്‍  കോവിഡ് കേസുകള്‍ കുതിച്ചുയരുമ്പോഴും  പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാത്ത യോ​ഗി സര്‍ക്കാരിനെതിരെ  രൂക്ഷവിമര്‍ശനവുമായി AICC General Secretaryപ്രിയങ്ക ​ഗാന്ധി (Priyanka Gandhi).

Last Updated : Jul 25, 2020, 06:57 PM IST
ഉത്തര്‍ പ്രദേശില്‍ പരിശോധന ഇല്ല, അതുകൊണ്ട് കോവിഡ് ഇല്ല...!!  പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി:  ഉത്തര്‍ പ്രദേശില്‍  കോവിഡ് കേസുകള്‍ കുതിച്ചുയരുമ്പോഴും  പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാത്ത യോ​ഗി സര്‍ക്കാരിനെതിരെ  രൂക്ഷവിമര്‍ശനവുമായി AICC General Secretaryപ്രിയങ്ക ​ഗാന്ധി (Priyanka Gandhi).

ഉത്തര്‍ പ്രദേശില്‍ കോവിഡ് പരിശോധനയില്ല, അതിനാല്‍  കോവിഡുമില്ലെന്ന യോഗി  സര്‍ക്കാറിന്‍റെ  നയം മാറ്റണമെന്ന്​  പ്രിയങ്ക  ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് അവര്‍ മുഖ്യമന്ത്രി  യോ​ഗി ആദിത്യനാഥിന്  കത്തെഴുതി.

ഉത്തര്‍ പ്രദേശില്‍  കോവിഡ് ചികിത്സക്ക് ആവശ്യത്തിന് കിടക്കകളില്ല. ആശുപത്രികള്‍ക്ക് മുന്നില്‍ രോ​ഗികളുടെ നീണ്ട നിര തന്നെയുണ്ട്. മരണ നിരക്കും  കൂടുകയാണ്. കാണ്‍പൂര്‍, ​ഗോരഖ്പൂര്‍, ലഖ്‌നൗ,  വരാണസി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള റിപ്പോ‌ര്‍ട്ടുകളൊന്നും ശുഭകരമല്ല. സര്‍ക്കാര്‍ ജനപക്ഷത്ത് നിന്ന് സുതാര്യമായ നടപടികള്‍ സ്വീകരിക്കേണ്ട ഘട്ടമാണിത്. ഈ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിനായി ചില നിര്‍ദേശങ്ങള്‍ യോ​ഗി സര്‍ക്കാരിന് മുന്നില്‍ വെയ്ക്കുകയാണെന്ന് സൂചിപ്പിച്ചായിരുന്നു  പ്രിയങ്കയുടെ കത്ത്.

യുപിയില്‍ ​ന​ഗരങ്ങളില്‍ മാത്രമല്ല, ​ഗ്രാമങ്ങളിലും കോവിഡ് വ്യാപിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരിശോധനയില്ല, അതുകൊണ്ട് കോവിഡില്ല എന്ന നയം അതീവ അപകടകരമാണ്. കോവിഡ് പരിശോധന എത്രയും പെട്ടെന്ന് വര്‍ദ്ധിപ്പിച്ച്‌ രോ​ഗികളെ കണ്ടെത്തണം. ക്വാറന്റെന്‍ സെന്ററുകള്‍ ആവശ്യത്തിന് ഇല്ലാത്തത് ജന‌ങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. 1.5 ലക്ഷം കിടക്കകളുണ്ടെന്നാണ് യോ​ഗി സര്‍ക്കാര്‍ അവകാശപ്പെട്ടതെങ്കിലും 20,000 കേസുകള്‍ ആയപ്പോള്‍ തന്നെ സജ്ജീകരണങ്ങള്‍ തികയാത്ത അവസ്ഥയാണ്. താത്കാലിക ആശുപത്രികള്‍ സജ്ജീകരിക്കാന്‍ സൈന്യത്തിന്‍റെ  സഹായം തേടണമെന്നുമുള്ള  നിര്‍ദേശവും  പ്രിയങ്ക മുന്നോട്ടുവെയ്ക്കുന്നു.

വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ ചികിത്സക്കുള്ള ചെലവ്, അവരുടെ നിരീക്ഷണം എന്നിവ സംബന്ധിച്ചും സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അനുകൂല വാര്‍ത്തകളും പരസ്യങ്ങളും നല്‍കിയതുകൊണ്ടു മാത്രം കോവിഡിനെതിരായ പോരാട്ടം വിജയിക്കില്ലെന്നും പ്രിയങ്ക യോ​ഗി  ഓര്‍മിപ്പിച്ചു.

മഹാമാരിയുടെ കാലത്ത് രാഷ്ട്രീയത്തിന് അതീതമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്നും  രോഗം വ്യാപിക്കുന്നതിനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ട് പോയതായും  പ്രിയങ്ക പറഞ്ഞു. യോഗി ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. 

21,000ത്തിലധികം കോവിഡ് കേസുകളാണ് ഉത്തര്‍പ്രദേശില്‍ വെള്ളിയാഴ്ച വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,289 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. തലസ്ഥാനമായ ലഖ്‌നൗവിലാണ് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. 

Trending News