പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കും; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ മുറുകുന്നു

പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന്‍ പ്രയങ്ക ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.  

Last Updated : Mar 30, 2019, 04:31 PM IST
പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കും; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ മുറുകുന്നു

ന്യൂഡല്‍ഹി: ലോക് സഭ തിരഞ്ഞെടുപ്പില്‍ പ്രയങ്ക ഗാന്ധി മത്സരിക്കാനുള്ള സാധ്യത ഏറുന്നു. ഇക്കാര്യത്തില്‍ അവസാന തീരുമാനം പ്രയങ്കയുടെ തന്നെയാണെന്ന് വാര്‍ത്താ ഏജന്‍സിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന്‍ പ്രയങ്ക ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് അങ്ങനെയെങ്കില്‍ വാരാണസിയിൽ മത്സരിച്ചാലോ എന്ന ചോദ്യം വരുന്നത്.  

ഇതോടെയാണ് നരേന്ദ്രമോദിയെ നേരിടാൻ പ്രിയങ്ക തന്നെ എത്തും എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നത്.  പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന കാര്യം പാർട്ടി ആലോചിച്ചിട്ടില്ലെന്നും എന്നാൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് പ്രിയങ്ക തന്നെ ആണെന്നും ആണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. 

പ്രിയങ്ക വാരാണസിയിൽ മത്സരിക്കുന്നത് ഉത്തർപ്രദേശിൽ മാത്രമല്ല രാജ്യത്തുടനീളം കോൺഗ്രസിന്‍റെ സാധ്യത കൂട്ടും എന്നാണ് കോൺഗ്രസിന്‍റെ വിലയിരുത്തൽ. മാത്രമല്ല അഥവാ രാഹുൽ തെക്കേ ഇന്ത്യയിൽ മത്സരിച്ചാൽ ബിജെപിയിൽ നിന്ന് ഒളിച്ചോടി എന്ന പരിഹാസം തടയാനും ഈ തീരുമാനം സഹായിക്കുമെന്നും വിലയിരുത്തലുണ്ട്.

ഉത്തർപ്രദേശിലെ ന്യൂനപക്ഷ വോട്ടർമാർ രണ്ടായിരത്തി ഒമ്പതിൽ കോൺഗ്രസിനൊപ്പം നിന്നിരുന്നു. പ്രിയങ്കയുടെ മത്സരം ഇത് വീണ്ടും സാധ്യമാക്കുമെന്ന് കരുതുന്ന നേതാക്കളുമുണ്ട്. 

മേയ് 19 ന് അവസാന ഘട്ടത്തിലാണ് വാരാണസിയിലെ വോട്ടെടുപ്പ്. അതുവരെ ശക്തമായി മത്സരത്തിൽ നില്‍ക്കുകയെന്ന ആലോചനയും പ്രിയങ്കയുടെ സാധ്യതയ്ക്ക് പിന്നിൽ ശക്തമാണ്.

Trending News