പുല്‍വാമ ഭീകരാക്രണ൦: ഒന്നാം വാര്‍ഷികത്തില്‍ ചില ചോദ്യങ്ങള്‍ മാത്രം ബാക്കി...

നാല്‍പതിലധികം ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി.

Sheeba George | Updated: Feb 14, 2020, 04:25 PM IST
പുല്‍വാമ ഭീകരാക്രണ൦: ഒന്നാം വാര്‍ഷികത്തില്‍ ചില ചോദ്യങ്ങള്‍ മാത്രം ബാക്കി...

ന്യൂഡല്‍ഹി: നാല്‍പതിലധികം ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി.

ഇന്ത്യയെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരെ എല്ലാവരേയും വധിച്ചെന്നാണ് സൈന്യത്തിന്‍റെ കണക്കുകൂട്ടല്‍. കൂടാതെ ഭീകരരെ വളര്‍ത്തുന്ന പാക്കിസ്ഥാന്‍റെ നേര്‍ക്ക്‌ നിരവധി ഉപരോധം ഏര്‍പ്പെടുത്തിയതിലൂടെ പ്രതികാര നടപടിയില്‍ ഇന്ത്യ മുന്നേറിയതായി കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു.

അതേസമയം, പുല്‍വാമ ഭീകരാക്രമണത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ചില ചോദ്യങ്ങള്‍ മാത്രം ബാക്കിയാവുന്നു.

ആക്രമണത്തില്‍ NIA നടത്തുന്ന അന്വേഷണം ഇതുവരെ എങ്ങുമെത്തിയില്ല എന്നത് വാസ്തവം തന്നെ. ചാവേര്‍ ആക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ദേശീയ അന്വേഷണ ഏജന്‍സിക്ക് സാധിച്ചിട്ടില്ല.

സൈനികാവശ്യത്തിനായി എത്തിച്ചിരിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ പുറത്തുള്ളവര്‍ക്ക് ലഭിക്കുക എളുപ്പമല്ല, അതുകൊണ്ടുതന്നെ സ്‌ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കള്‍ ചാവേറുകളുടെ കൈകളില്‍ എങ്ങനെ എത്തി എന്നതിനെ സംബന്ധിച്ച്‌ വിശദമായ അന്വേഷണം ആവശ്യമാണ്. പക്ഷെ, കുറ്റാരോപിതര്‍ ആരും തന്നെ ജീവനോടെ ഇല്ലാത്തതിനാല്‍ NIAയ്ക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും സാധിച്ചിട്ടില്ല.

പുല്‍വാമ ചാവേറാക്രമണത്തിലെ പ്രധാന പ്രതികളായ മുദാസിര്‍ അഹ്മദ് ഖാന്‍ കഴിഞ്ഞ മാര്‍ച്ചിലും സജ്ജാദ് ഭട്ട് ജൂണിലും വര്‍ഷം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

കൂടാതെ, സൈനിക താവളങ്ങളിലേക്കുള്ള CRPF ജവാന്മാരുടെ യാത്ര മാസങ്ങള്‍ വൈകിയിരുന്നു. എന്നാല്‍ ഈ യാത്ര സംബന്ധിച്ച സൂചനകള്‍ എങ്ങിനെ ഭീകരര്‍ക്ക് ലഭ്യമായി? തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഇപ്പോഴും ബാക്കിയാണ്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14ന് ഉച്ചകഴിഞ്ഞ് 3:15ഓടെയാണ് രാജ്യത്തെ നടുക്കിയ ചാവേറാക്രമണം നടന്നത്. അവധി കഴിഞ്ഞു വിവിധ സൈനിക താവളങ്ങളിലേക്ക് തിരിക്കാനായി 2547 സിആര്‍പിഎഫ് ജവാന്‍മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. ദേശീയപാതയില്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയ്ക്ക് സമീപമായിരുന്നു ആക്രമണം നടന്നത്.