close

News WrapGet Handpicked Stories from our editors directly to your mailbox

മറ്റൊരു പുൽവാമ ആക്രമണ൦ മാത്രമേ മഹാരാഷ്ട്രയില്‍ ബിജെപിയെ രക്ഷിക്കൂ!!

മഹാരാഷ്ട്രയില്‍ ബിജെപിക്കെതിരായ ജനവികാരം ശക്തമെന്ന് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍.

Sheeba George | Updated: Sep 21, 2019, 03:43 PM IST
മറ്റൊരു പുൽവാമ ആക്രമണ൦ മാത്രമേ മഹാരാഷ്ട്രയില്‍ ബിജെപിയെ രക്ഷിക്കൂ!!

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്കെതിരായ ജനവികാരം ശക്തമെന്ന് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍.

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്നാവിസിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിനെതിരെയുള്ള ജനവികാരം മാറി മറിയണമെങ്കില്‍ പുല്‍വാമ പോലുള്ള എന്തെങ്കിലും ആക്രമണത്തിന് മാത്രമേ സാധിക്കൂ എന്നും എന്‍സിപി നേതാവ് ശരദ് പവാര്‍ അഭിപ്രായപ്പെട്ടു. 

'മുന്‍പ്, 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ശക്തമായ ജനവികാരമായിരുന്നു രാജ്യത്ത് മുഴുവന്‍ ഉണ്ടായിരുന്നത്. എന്നാല്‍ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ക്കെതിരായ ആക്രമണം ജനവികാരം മാറ്റിമറിച്ചു. അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ, മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തില്‍ എത്തൂ. മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന മുന്നണിയെ തകര്‍ത്ത് എന്‍സിപി- കോണ്‍ഗ്രസ്‌ സഖ്യം അധികാരത്തിലെത്തും. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കാലാവസ്ഥ എന്‍സിപിക്ക് അനുകൂല൦", ശരദ് പവാര്‍ പറഞ്ഞു.

ബി.ജെപി ഭരണത്തില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ സുരക്ഷിതരല്ല. സിബിഐ, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തുടങ്ങിയ അന്വേഷണ ഏജന്‍സികളെ മോദി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. നിരവധി പ്രധാനമന്ത്രിമാരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതുപോലെ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന പ്രധാനമന്ത്രിയെ ആദ്യമായി കാണുകയാണ്", അദ്ദേഹം പറഞ്ഞു. 

അതേസമയം, മഹാരാഷ്ട്രയില്‍ മതേതര പാര്‍ട്ടികളെ ഒരുമിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് എന്‍സിപിയുടെ ശ്രമം. സംസ്ഥാനത്ത് കോണ്‍ഗ്രസും എന്‍സിപിയും ഇതിനോടകം സഖ്യം രൂപീകരിച്ചു കഴിഞ്ഞിരിക്കുകയാണ്. കൂടാതെ, സമാജ്‍വാദി പാര്‍ട്ടി പോലുള്ള മറ്റ് പാര്‍ട്ടികളെയും ഒപ്പം നിര്‍ത്താനാണ് ഇപ്പോള്‍ സഖ്യത്തിന്‍റെ നീക്കം. 
രാജ് താക്കറയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുമായി സഖ്യത്തിലെത്താന്‍ എന്‍സിപി താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് എതിര്‍ത്തതിനാല്‍ അത് നടന്നില്ല. 

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസം എന്‍സിപിയും 125 വീതം സീറ്റുകളില്‍ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ശരദ് പവാര്‍ പ്രസ്താവിച്ചിരുന്നു.