കോണ്‍ഗ്രസിലും ബിജെപിയിലുമായി ചാടിക്കളിച്ച് കെപിജെപി എംഎല്‍എ

കര്‍ണാടകയില്‍ അധികാരത്തിലേറിയ  ബിജെപിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിന് തിരിച്ചടി. മലക്കം മറിഞ്ഞ് തത്ക്കാലം കോണ്‍ഗ്രസിലെത്തി നില്‍ക്കുകയാണ് കെപിജെപി എംഎല്‍എ ആര്‍. ശങ്കര്‍.  

Last Updated : May 17, 2018, 05:51 PM IST
കോണ്‍ഗ്രസിലും ബിജെപിയിലുമായി ചാടിക്കളിച്ച് കെപിജെപി എംഎല്‍എ

ബംഗളൂരു: കര്‍ണാടകയില്‍ അധികാരത്തിലേറിയ  ബിജെപിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിന് തിരിച്ചടി. മലക്കം മറിഞ്ഞ് തത്ക്കാലം കോണ്‍ഗ്രസിലെത്തി നില്‍ക്കുകയാണ് കെപിജെപി എംഎല്‍എ ആര്‍. ശങ്കര്‍.  

വിലപേശലും കുതിരക്കച്ചവടവും പൊടിപൊടിക്കുന്ന കര്‍ണാടകയില്‍ ഇത് ചെറുപാര്‍ട്ടികളുടെ എംഎല്‍എമാരുടെ ചാകരക്കാലമാണ്. ഇന്നലെ രാവിലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണ അറിയിച്ച് ആര്‍. ശങ്കര്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദിയൂരപ്പയെ വീട്ടിലെത്തി കണ്ടിരുന്നു. എന്നാല്‍ വൈകുന്നേരം അദ്ദേഹം മലക്കം മറിഞ്ഞ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

ഇതോടെ കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തിന് 117 പേരുടെ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 112 സീറ്റിന്‍റെ കേവല ഭൂരിപക്ഷം വേണമെങ്കിലും 104 സീറ്റാണ് ഇപ്പോള്‍ ബിജെപിക്കുള്ളത്.

ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ബിജെപിയെ ഞെട്ടിച്ച്‌ ആര്‍. ശങ്കര്‍ മറുകണ്ടം ചാടിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ യെദ്യൂരപ്പയുടെ വീട്ടിലെത്തി പിന്തുണ അറിയിച്ചയാളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് തട്ടകത്തില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ രണ്ട് ദിവസത്തിനിടെ അങ്ങോട്ടും ഇങ്ങോട്ടും കളംമാറിയ ശങ്കര്‍ ഇനി തിരിച്ച്‌ ബിജെപി ക്യംപിലേയ്ക്ക് പോകുമോയെന്ന ആശങ്ക കോണ്‍ഗ്രസില്‍ ഇല്ലാതില്ല. 

 

Trending News