റാഫേല്‍ ഇടപാട്: സിഎജി റിപ്പോര്‍ട്ടില്‍നിന്നും 3 പേജുകള്‍ കാണ്മാനില്ല, സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

റാഫേല്‍ രേഖകള്‍ മോഷ്​ടിച്ചതു തന്നെയെന്ന്​ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍. കൂടാതെ, അനുമതിയില്ലാതെ സര്‍ക്കാര്‍ രേഖകള്‍ മോഷ്ടിച്ച് പരസ്യമാക്കുകയായിരുന്നുവെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു. 

Updated: Mar 14, 2019, 05:15 PM IST
റാഫേല്‍ ഇടപാട്: സിഎജി റിപ്പോര്‍ട്ടില്‍നിന്നും 3 പേജുകള്‍ കാണ്മാനില്ല, സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: റാഫേല്‍ രേഖകള്‍ മോഷ്​ടിച്ചതു തന്നെയെന്ന്​ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍. കൂടാതെ, അനുമതിയില്ലാതെ സര്‍ക്കാര്‍ രേഖകള്‍ മോഷ്ടിച്ച് പരസ്യമാക്കുകയായിരുന്നുവെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു. 

ഔദ്യോഗിക രഹസ്യ സ്വഭാവമുള്ള രേഖകള്‍ അനുമതി ഇല്ലാതെ പരസ്യമാക്കാനാവില്ല. ഈ രേഖകള്‍ മോഷ്​ടിച്ചതു തന്നെയാണെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു. റാഫേല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ്​ അറ്റോര്‍ണി ജനറല്‍ നിലപാട്​ വ്യക്തമാക്കിയത്​.

എന്നാല്‍, റാഫേല്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വാദത്തെ സുപ്രീംകോടതി ചോദ്യം ചെയ്തു. 
വിവരാവകാശ നിയമത്തി​​ന്‍റെ 24ാം വകുപ്പ്​ പ്രകാരം ഔദ്യോഗിക രഹസ്യവിവര നിയമത്തെ മറികടക്കാമെന്നും ജസ്​റ്റിസ്​ കെ.എം ജോസഫ്​ അറിയിച്ചു. വിവിധ മന്ത്രാലയങ്ങളുടെ രേഖകള്‍ വിവരാവകാശ നിയമത്തിനു കീഴില്‍ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

അതേസമയം, ഇതിനകം പ്രസിദ്ധീകരിച്ച രേഖകള്‍ക്ക്​ രഹസ്യ സ്വഭാവമില്ലെന്ന്​ ഹര്‍ജിക്കാര്‍ക്ക്​ വേണ്ടി പ്രശാന്ത്​ ഭൂഷണ്‍ വാദിച്ചു. ജസ്റ്റിസ് എ.കെ കൗള്‍ ഇതേ അഭിപ്രായമാണ് ചോദിച്ചത്. കൂടാതെ നിലവില്‍ അവ പരസ്യ രേഖകളാണെന്നും ജസ്​റ്റിസ്​ നീരീക്ഷിച്ചു. 

റാഫേല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ച് അന്വേഷണം വേണ്ടെന്ന വിധി പുനഃപരിശോധിക്കണമെന്നാണ് ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിൻഹ, അരുണ്‍ ഷൂരി എന്നിവരുടെ ആവശ്യം.

വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് ഹര്‍ജിക്കാ‌ർ നൽകിയ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ചതാണെന്നാണ് ഇന്നലെ പ്രതിരോധ മന്ത്രാലയ സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചിരുന്നത്.  ഇക്കാര്യത്തിൽ ഇന്നത്തെ കോടതി തീരുമാനം ഏറെ നിര്‍ണായമാകും. മാധ്യമങ്ങളിൽ നിന്ന് കിട്ടിയ രേഖകളുടെ പകര്‍പ്പാണ് കോടതിയിൽ നൽകിയതെന്നാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ പ്രശാന്ത് ഭൂഷണ്‍ അറിയിച്ചത്. രേഖകളിൽ അടിസ്ഥാനമുണ്ടെങ്കിൽ അത് പരിഗണിക്കുമെന്ന് സുപ്രീംകോടതി നേരെത്തെ വ്യക്തമാക്കിയിരുന്നു.

ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായിയെങ്കിലും കേസ് വിധി പറയാന്‍ മാറ്റി.