close

News WrapGet Handpicked Stories from our editors directly to your mailbox

കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഇളവ് നല്‍കണമെന്ന്‍ രാഹുല്‍ ഗാന്ധി

ബിജെപി നേതാവ് നല്‍കിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായി.

Sheeba George | Updated: Oct 10, 2019, 12:54 PM IST
കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഇളവ് നല്‍കണമെന്ന്‍ രാഹുല്‍ ഗാന്ധി

സൂററ്റ്: ബിജെപി നേതാവ് നല്‍കിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായി.

ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് മാനനഷ്ടക്കേസ് നല്‍കിയിരുന്നത്. എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അപകീര്‍ത്തിയുണ്ടാക്കിയെന്നായിരുന്നു പൂര്‍ണേഷ് മോദിയുടെ വാദം.

അതേസമയം, കള്ളന്‍മാര്‍ക്കെല്ലാം പേര് മോദിയാണെന്ന തന്‍റെ പരാമര്‍ശം തെറ്റാണെന്ന് കരുതുന്നില്ലെന്നായിരുന്നു രാഹുല്‍ കോടതിയില്‍ പറഞ്ഞത്. മോദിയുടെ കുടുംബപ്പേര് എല്ലാ കള്ളന്മാരും പങ്കിട്ടുവെന്നാണ് പറഞ്ഞത്. അതില്‍ എന്താണ് തെറ്റെന്നും രാഹുല്‍ ചോദിച്ചു. കേസിലെ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു രാഹുലിന്‍റെ  പരാമര്‍ശം.

വരും ദിവസങ്ങളില്‍ കേസ് പരിഗണനക്കെടുമ്പോള്‍ രാഹുല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഇളവ് നല്‍കണമെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതിഭാഗം അഭിഭാഷകന്‍ എതിര്‍പ്പുന്നയിച്ചു. എന്നാല്‍ അടുത്ത തവണ വാദം കേള്‍ക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഹാജരാകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ഡിസംബര്‍ 10നാണ് കോടതി ഈ കേസില്‍ വീണ്ടും വാദം കേള്‍ക്കുക.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെന്ന രാഹുലിന്‍റെ പരാമര്‍ശം. 'കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

ഇതിനെതിരെ സമാന പേരുകാരനായ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും മാനനഷ്ടക്കേസ് നല്‍കിയിരുന്നു.