അച്ഛൻ മുസ്ലിം അമ്മ ക്രിസ്ത്യാനി, രാഹുല്‍ സങ്കരയിനം; കേന്ദ്രമന്ത്രി

ലോകത്ത് ഒരിടത്തുമുള്ള ലബോറട്ടറികളില്‍ രാഹുലിന്‍റേതിന് സമാനമായ സങ്കര മാതൃക കാണാന്‍ കഴിയില്ല

Last Updated : Jan 31, 2019, 10:29 AM IST
അച്ഛൻ മുസ്ലിം അമ്മ ക്രിസ്ത്യാനി, രാഹുല്‍ സങ്കരയിനം; കേന്ദ്രമന്ത്രി

ബംഗളൂരു: കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽഗാന്ധിക്ക് സ്വന്തം മതത്തെക്കുറിച്ച് ഒരു ഉറപ്പുമില്ലെന്ന് കേന്ദ്രമന്ത്രി അനന്തകുമാർ ഹെഗ്‌ഡെ. 

ഹുബ്ലിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ ഹെഗ്‌ഡെ വിവാദ പരാമർശ൦ നടത്തിയത്.  അച്ഛൻ മുസ്ലിമും അമ്മ ക്രിസ്ത്യാനിയുമാകുമ്പോൾ മകൻ എങ്ങനെയാണ് ബ്രാഹ്മണനാവുകയെന്നായിരുന്നു ഹെഗ്‌ഡെയുടെ ചോദ്യം. 

ലോകത്ത് ഒരിടത്തുമുള്ള ലബോറട്ടറികളില്‍ രാഹുലിന്‍റേതിന് സമാനമായ സങ്കര മാതൃക കാണാന്‍ കഴിയില്ലെന്നും രാജ്യത്തെ കോണ്‍ഗ്രസ് ലബോറട്ടറിയില്‍ മാത്രമേ അത്തരക്കാരെ കാണാന്‍ സാധിക്കൂവെന്നും ഹെഗ്‌ഡെ പറഞ്ഞു.

ഇന്ത്യയെക്കുറിച്ചോ മതത്തെക്കുറിച്ചോ രാഹുല്‍ ഗാന്ധിക്ക് യാതൊന്നും അറിയാത്തതിനാലാണ് അദ്ദേഹം പൂണൂലിട്ട് നടക്കുന്നതെന്നും ഹെഗ്‌ഡെ പറഞ്ഞു. മിക്കവാറും രാഹുല്‍ കൊളംബിയയിലേക്ക് തന്നെ മടങ്ങി പോകാനാണ് സാധ്യതയെന്നും  ഹെഗ്‌ഡെ കൂട്ടിച്ചേര്‍ത്തു. 

വിവാദപരാമർശങ്ങൾ നടത്തി വാര്‍ത്തകളില്‍ ഇടം നേടുന്ന ബി.ജെ.പി. നേതാവ് അനന്തകുമാർ ഹെഗ്‌ഡെയ്ക്കെതിരെ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസ൦ രംഗത്തെത്തിയിരുന്നു.  

ഹെഗ്‌ഡെ ഇന്ത്യക്കാർക്ക് ശല്യമാണെന്നും കേന്ദ്രമന്ത്രിയായിരിക്കാൻ യോഗ്യനല്ലെന്നും രാഹുൽഗാന്ധി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ്‌ ഹെഗ്‌ഡെയുടെ പുതിയ പരാമര്‍ശം.

മുസ്ലിം പെൺകുട്ടികളുടെ പിന്നാലെ ഓടുന്നതാണ് കർണാടക കോൺഗ്രസ് അദ്ധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവിന്‍റെ നേട്ടമെന്ന് അനന്തകുമാർ ഹെഗ്‌ഡെ കഴിഞ്ഞ ദിവസം ‘ട്വീറ്റ്’ ചെയ്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. 

ഇതിനുപിന്നാലെയാണ് രാഹുൽഗാന്ധിക്കെതിരെയും വിവാദ പരാമർശവുമായി ഹെഗ്‌ഡെ രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധി പൂണൂല്‍ ധരിക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും നേരത്തെ രംഗത്തു വന്നിരുന്നു.

ഭരണഘടന തിരുത്തും, ഹിന്ദു സ്ത്രീയെ തൊടുന്ന അന്യമതക്കാരന്‍റെ കൈവെട്ടണം, താജ്മഹല്‍ ശിവ ക്ഷേത്രമായിരുന്നു തുടങ്ങി അടുത്ത കാലത്തായി നിരവധി വിവാദ പ്രസ്താവനകളാണ് ഹെഗ്‌ഡെ നടത്തിയത്.

Trending News