ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച്‌ രാഹുല്‍ ഗാന്ധി

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കെ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. 

Updated: Oct 30, 2018, 04:03 PM IST
ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കെ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. 

ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാടിന് വിരുദ്ധമാണ് എന്‍റെ നിലപാട്. കൂടാതെ, എന്‍റെ വ്യക്തിപരമായ അഭിപ്രായമാണ് ഞാന്‍ പറയുന്നത്. പുരുഷനും സ്ത്രീയും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും പ്രവേശിക്കാന്‍ അനുവദിക്കണം. അദ്ദേഹം പറഞ്ഞു. ശബരിമല വൈകാരിക വിഷയമാണെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ യുവതീ പ്രവേശന വിഷയത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തിന്‍റെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി തന്‍റെ നിലപാട് വ്യക്തമാക്കിയത്.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കൊപ്പം നിലകൊള്ളുകയും നാമജപ ഘോഷയാത്രകള്‍ക്ക് പോകേണ്ടവര്‍ക്ക് പോകാമെന്നും വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ നിരന്തരം ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തുവരുന്ന സാഹചര്യത്തിലാണ് രാഹുലിന്‍റെ നിലപാട് ശ്രദ്ധേയമാകുന്നത്.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ശബരിമല വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടിനെ ന്യായീകരിച്ച്‌ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. നെഹ്റുവിന്‍റെ കാലംമുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണ്. കെപിസിസി നിലപാട് എടുത്തത് ഹൈക്കമാന്‍ഡ് അനുമതിയോടെ ആണെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൂടാതെ, കെപിസിസിയെ തിരുത്തിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ തുടക്കം മുതല്‍ ശബരിമല വിഷയത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ വിഭിന്നമായതും ശക്തമായതുമായ ഒരു ശബ്ദം പുറത്തു വന്നിരുന്നു. അത് യുവ എംഎല്‍എ വി ടി ബല്‍റാമിന്‍റെതായിരുന്നു. വിധിയെ സ്വാഗതം ചെയ്ത രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ് നേതാവെന്നും രാഹുല്‍ ഈശ്വര്‍ അല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാധ്യമ ചര്‍ച്ചകളില്‍പോലും കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൊണ്ട നിലപാടിനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ബല്‍റാം അഭിപ്രായം പറഞ്ഞത്. ശബരിമല വിഷയത്തില്‍ ബ്രാഹ്മണ്യത്തിന്‍റെയും രാജഭക്തിയുടെയും പുരോഗമനവിരുദ്ധ ആശയങ്ങളുടെയും വക്താക്കളാകേണ്ട ചുമതല കോണ്‍ഗ്രസിനില്ലെന്ന് വി.ടി. ബല്‍റാം പലതവണ വ്യക്തമാക്കുകയുണ്ടായി.

അതേസമയം, ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയും രംഗത്തെത്തിയിട്ടുണ്ട്.