"കോണ്‍ഗ്രസ്‌ കപ്പല്‍" മുങ്ങുന്നു, സ്വയം രക്ഷപെട്ട് രാഹുല്‍ ഗാന്ധി!!

മഹാരാഷ്ട്ര ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ നേതാക്കളുടെ വിവാദിത പരാമര്‍ശങ്ങള്‍ മാധ്യമ ശ്രദ്ധ നേടുകയാണ്‌. 

Last Updated : Oct 15, 2019, 12:24 PM IST
"കോണ്‍ഗ്രസ്‌ കപ്പല്‍" മുങ്ങുന്നു, സ്വയം രക്ഷപെട്ട് രാഹുല്‍ ഗാന്ധി!!

മുംബൈ: മഹാരാഷ്ട്ര ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ നേതാക്കളുടെ വിവാദിത പരാമര്‍ശങ്ങള്‍ മാധ്യമ ശ്രദ്ധ നേടുകയാണ്‌. 

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ പരിഹാസ വിഷയമാക്കിയിരുന്നു. അടുത്തിടെ രാഹുല്‍ ഗാന്ധി നടത്തിയ വിദേശ യാത്രയാണ്‌ പരിഹാസത്തിന് കാരണം. 

എന്നാല്‍, ഈ വിഷയത്തില്‍ ഇപ്പോള്‍ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് എഐഎംഐഎം അദ്ധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഒവൈസി. 

ഒരു കപ്പല്‍ മുങ്ങുമ്പോള്‍ അതിലെ എല്ലാവരെയും സുരക്ഷിതമാക്കിയതിന് ശേഷമാണ് കപ്പിത്താന്‍ രക്ഷപെടുക. എന്നാല്‍ കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുന്നത് കണ്ട് സ്വയം രക്ഷപ്പെട്ട ആളാണ് രാഹുല്‍ ഗാന്ധിയെന്നായിരുന്നു ഒവൈസിയുടെ പരിഹാസം. 

"കടലിന് നടുവില്‍ ഒരു കപ്പല്‍ മുങ്ങുമ്പോള്‍, എല്ലാവരെയും സുരക്ഷിതരാക്കിയതിന് ശേഷമാണ് കപ്പിത്താന്‍ രക്ഷപ്പെടുക. പക്ഷേ കോണ്‍ഗ്രസ് മുങ്ങുന്നത് കണ്ട് സ്വയം രക്ഷപ്പെടുന്ന കപ്പിത്താനാണ് രാഹുല്‍ ഗാന്ധി. മുസ്ലീങ്ങള്‍ ജീവനോടെയിരിക്കുന്നത് 70 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് കാണിച്ച ദയകൊണ്ടല്ല, ഭരണഘടനകൊണ്ടും ദൈവത്തിന്‍റെ കാരുണ്യം കൊണ്ടുമാണ് നമ്മള്‍ ജീവിച്ചിരിക്കുന്നത്”, ഒവൈസി പറഞ്ഞു.

ഒക്ടോബര്‍ 21ന് നടക്കാനിരിക്കുന്ന മഹാരാഷ്ട നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണ ഭാഗമായാണ് ഒവൈസി മുംബൈയിലെത്തിയത്.

കോണ്‍ഗ്രസിനെ വിമര്‍ശിച്ച ഒവൈസി ബിജെപിയേയും വിട്ടില്ല. ബിജെപി സര്‍ക്കാരിനെതിരെയും ഒവൈസി വിമര്‍ശനം ഉന്നയിച്ചു. മുത്തലാഖ് ബില്‍ ഒന്നുകൊണ്ടു മാത്രം രാജ്യത്തെ മുസ്ലീം സമുദായത്തോട് നീതി പുലര്‍ത്താനായെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കരുതുന്നതെങ്കില്‍ അത് തെറ്റായ കാഴ്ചപ്പാടാണെന്നും മുത്തലാഖ് ബില്ലുകൊണ്ട് എല്ലാമായെന്ന് ബിജെപിയും മോദി സര്‍ക്കാരും ധരിക്കരുതെന്നും ഒവൈസി പറഞ്ഞു. 

മുസ്ലീം സമുദായത്തോട് നീതി പുലര്‍ത്തുമെന്ന് പറയുന്നവര്‍, മറാത്ത സംവരണം പോലെതന്നെ മുസ്ലീം സമുദായങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്താന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒക്ടോബര്‍ 21നാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24ന് നടക്കു൦.

 

Trending News