രാഹുല്‍ വന്നത് പ്രശ്നങ്ങള്‍ രൂക്ഷമാക്കാന്‍: സത്യപാല്‍ മാലിക്

കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി കശ്മീരില്‍ വന്നത് പ്രശ്നങ്ങള്‍ രൂക്ഷമാക്കാന്‍, രാഹുലിന്‍റെ ആവശ്യം ഇപ്പോള്‍ കശ്മീരിലില്ലെന്ന് ജമ്മു-കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്.

Last Updated : Aug 24, 2019, 07:01 PM IST
രാഹുല്‍ വന്നത് പ്രശ്നങ്ങള്‍ രൂക്ഷമാക്കാന്‍: സത്യപാല്‍ മാലിക്

ശ്രീനഗര്‍: കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി കശ്മീരില്‍ വന്നത് പ്രശ്നങ്ങള്‍ രൂക്ഷമാക്കാന്‍, രാഹുലിന്‍റെ ആവശ്യം ഇപ്പോള്‍ കശ്മീരിലില്ലെന്ന് ജമ്മു-കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്.

ഡല്‍ഹിയില്‍ പറഞ്ഞ കള്ളം ഇവിടെ വന്ന് ആവര്‍ത്തിച്ച് സ്ഥിതിഗതികള്‍ രൂക്ഷമാക്കലാണ് രാഹുലിന്‍റെ ലക്ഷ്യം, എന്നാല്‍ അത് നടക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക അധികാരം ഒഴിവാക്കി ജമ്മു-കശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കിയതിനെയും അതിനായി ഒരുക്കിയ സുരക്ഷ നിയന്ത്രണങ്ങളെയും പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ ആരോപണങ്ങള്‍ തെറ്റാണെന്നും സംസ്ഥാനത്തെത്തി എല്ലാം നേരിട്ടു കാണൂ എന്നുമായിരുന്നു ജമ്മു-കശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്‍റെ മറുപടി. 

എന്നാല്‍, ഗവര്‍ണറുടെ ക്ഷണം സ്വീകരിക്കുന്നതായും സന്ദര്‍ശനത്തിന് സൗകര്യമൊരുക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മറുപടിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സന്ദര്‍ശനം. 

എന്നാല്‍, ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്നും പ്രതിപക്ഷ നേതാക്കളെ തിരിച്ചയയ്ക്കുകയാണ് ഉണ്ടായത്. 
ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ ജമ്മു-കശ്മീര്‍ പൊലീസ് തടഞ്ഞുവെക്കുകയും ഒരു മണിക്കൂറിനുശേഷം തിരിച്ചയക്കുകയുമായിരുന്നു. എയര്‍പോട്ടിലെത്തിയ രാഷ്ട്രീയ നേതാക്കളേയും മാധ്യമങ്ങളേയും രണ്ടിടത്തായി മാറ്റിനിര്‍ത്തുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാനും നേതാക്കള്‍ക്ക് അനുമതി നിഷേധിച്ചു. പ്രതിപക്ഷ നേതാക്കളോട് സംസാരിക്കാന്‍ തുടങ്ങിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് വിലക്കിയതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സന്ദര്‍ശനം ക്രമസമാധാനത്തെ ബാധിക്കുമെന്നും ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തില്‍ നിന്ന് നേതാക്കള്‍ പിന്മാറണമെന്നും കശ്മീര്‍ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ഇവരുടെ സന്ദര്‍ശനം 
ഇവിടെ നിലനില്‍ക്കുന്ന സമാധാനത്തെയും സാധാരണ ജീവിതത്തിലേക്കുള്ള ക്രമാനുഗതമായ പുനസ്ഥാപനത്തെയും ബാധിക്കുമെന്നും ഭരണകൂടം സൂചിപ്പിച്ചിരുന്നു. 

ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തില്‍ അവിടെയുള്ള മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളെയും പ്രാദേശിക നേതാക്കളെയും സംഘം സന്ദര്‍ശിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ജമ്മു-കശ്മീരിന്‍റെ പ്രത്യേക അധികാരം ഒഴിവാക്കി കേന്ദ്രഭരണപ്രദേശമാക്കിയതിന് ശേഷമുള്ള സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് സംഘം യാത്ര തിരിച്ചത്.

ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി. രാജ, കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, ആർ.ജെ.ഡി നേതാവ് മനോജ് ഝാ, ടി.എം.സി നേതാവ് ദിനേശ് ത്രിവേദി, ഡി.എം.കെ എം.പിമാര്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

എന്നാല്‍, ഈ മാസം 4ന് അര്‍ധ രാത്രിമുതല്‍ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ഒപ്പം മുതിര്‍ന്ന നേതാക്കളടക്കം 4000 പേരെ ഇപ്പോഴും മോചിപ്പിച്ചിട്ടില്ല. 

 

Trending News