രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു!!

കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ സമര്‍പ്പിച്ചിരുന്ന നാമനിര്‍ദ്ദേശ പത്രിക വരണാധികാരി സ്വീകരിച്ചു. പത്രിക സംബന്ധിച്ചുള്ള എതിര്‍പ്പ് വരണാധികാരി തള്ളി.

Last Updated : Apr 22, 2019, 01:41 PM IST
രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു!!

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ സമര്‍പ്പിച്ചിരുന്ന നാമനിര്‍ദ്ദേശ പത്രിക വരണാധികാരി സ്വീകരിച്ചു. പത്രിക സംബന്ധിച്ചുള്ള എതിര്‍പ്പ് വരണാധികാരി തള്ളി.

ഇതോടെ രാഹുലിന് രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാം. അമേത്തി കൂടാതെ വയനാട് ആണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലം.

രാഹുലിന്‍റെ വിദ്യാഭ്യാസ യോഗ്യതയും പൗരത്വവും സംബന്ധിച്ച്‌ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റിവച്ചത്. രാഹുല്‍ ഗാന്ധി അമേത്തിയില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലെ സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവുകളെന്നായിരുന്നു ഇയാളുടെ ആരോപണം.

ബ്രിട്ടന്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരങ്ങളില്‍ ബ്രിട്ടന്‍ പൗരനെന്ന് രേഖപ്പെടുത്തിയെന്നായിരുന്നു ആരോപണം. സ്വതന്ത്രസ്ഥാനാര്‍ഥിയായ ധ്രുവ് ലാലാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും ഇയാള്‍ ചൂണ്ടിക്കാണിച്ചിരുന്നു. 

നാമനിര്‍ദേശ പത്രികയില്‍ കമ്പനിയുടെ ആസ്തികളെക്കുറിച്ചും ലാഭവിഹിതത്തെക്കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ തെറ്റുകളുണ്ടെന്നും അതിനാല്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. 

രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയെ ചൊല്ലി ഇത്രയേറെ തടസവാദങ്ങള്‍ ഉന്നയിക്കപ്പെട്ടതോടെയാണ് വിശദമായി പരിശോധിക്കാനായി സൂക്ഷ്മപരിശോധന മാറ്റിവച്ചത്. 

"രാഹുൽ ഗാന്ധി ഇന്ത്യയിലാണ് ജനിച്ചത്. അദ്ദേഹത്തിന്‍റെ കൈവശമുള്ളത് ഇന്ത്യൻ പാസ്പോര്‍ട്ടാണ്. അദ്ദേഹം മറ്റൊരു രാജ്യത്തിന്‍റെയും പൗരത്വ൦ സ്വീകരിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ പാസ്പോർട്ട്, വോട്ടർ ഐഡി, അദ്ദേഹത്തിന്‍റെ വരുമാന നികുതി രേഖകള്‍ എല്ലാം ഇന്ത്യയുടേതാണ്. രാഹുൽ ഗാന്ധി 1995ൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ എം.ഫിൽ പൂർത്തിയാക്കി, നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സർട്ടിഫിക്കറ്റ് പകർപ്പും നൽകിയിട്ടുണ്ട്", അദ്ദേഹത്തിന്‍റെ അഡ്വക്കേറ്റ് കൗഷിക് വ്യക്തമാക്കി. 

സിറ്റിംഗ് സീറ്റായ ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ നാലാം തവണയാണ് രാഹുല്‍ ഗാന്ധി ജനവിധി തേടുന്നത്. അമ്മ സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, സഹോദരി ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര എന്നിവര്‍ക്കൊപ്പമെത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം മൂന്ന് കിലോ മീറ്ററോളം റോഡ് ഷോ നടത്തിയാണ് ഗൗരിഗഞ്ചിലെ കളക്ടറേറ്റ് ഓഫീസില്‍ രാഹുല്‍ പത്രിക സമര്‍പ്പിച്ചത്. 

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് അമേത്തിയില്‍ രാഹുലിന്‍റെ എതിരാളി. അതേസമയം, യു.പിയിലെ മഹാസഖ്യം അമേത്തിയില്‍ സ്ഥാനാര്‍ത്ഥിയെ നിറുത്തിയിട്ടില്ല. 

 

 

Trending News