വയനാട്ടിൽ മത്സരിക്കരുതെന്ന തന്‍റെ നിർദ്ദേശം രാഹുൽ അവഗണിച്ചു: ശരദ് പവാർ

വയനാട്ടിൽ മത്സരിക്കരുതെന്ന തന്‍റെ അഭ്യർത്ഥന അവഗണിച്ചാണ് രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായതെന്ന് എൻസിപി അദ്ധ്യക്ഷന്‍ ശരദ് പവാർ. കൂടാതെ, ഇത്തവണ മോദി-രാഹുൽ പോരാട്ടമല്ലെന്നും മോദിക്കെതിരെ രംഗത്തുള്ളവരുടെ നിരയിൽ ഒരാൾ മാത്രമാണ് രാഹുൽ ഗാന്ധിയെന്നും പവാർ പറഞ്ഞു. 

Updated: Apr 12, 2019, 06:24 PM IST
വയനാട്ടിൽ മത്സരിക്കരുതെന്ന തന്‍റെ നിർദ്ദേശം രാഹുൽ അവഗണിച്ചു: ശരദ് പവാർ

മുംബൈ: വയനാട്ടിൽ മത്സരിക്കരുതെന്ന തന്‍റെ അഭ്യർത്ഥന അവഗണിച്ചാണ് രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായതെന്ന് എൻസിപി അദ്ധ്യക്ഷന്‍ ശരദ് പവാർ. കൂടാതെ, ഇത്തവണ മോദി-രാഹുൽ പോരാട്ടമല്ലെന്നും മോദിക്കെതിരെ രംഗത്തുള്ളവരുടെ നിരയിൽ ഒരാൾ മാത്രമാണ് രാഹുൽ ഗാന്ധിയെന്നും പവാർ പറഞ്ഞു. 

ഇത്തവണ ബിജെപി ഇതര സർക്കാരുണ്ടായാൽ പ്രധാനമന്ത്രി പദം താൻ ആവശ്യപ്പെടില്ലെന്നും ശരദ് പവാർ പറഞ്ഞു.  

ഇത്തവണത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയ്ക്കെതിരായി മത്സരിക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ഇടത് പാർട്ടികളും ബിജെപിയ്ക്കെതിരാണ്. കേരളത്തിൽ ഇടതുപാർട്ടികൾ ശക്തമാണ്. . ഈ സാഹചര്യത്തിൽ കേരളത്തിൽ ഒരു പ്രശ്നം ഉണ്ടാകാതിരിക്കുക എന്നത് പ്രതിപക്ഷ നിരയിലെ എല്ലാരുടേയും ഉത്തരവാദിത്തമാണ്. എന്നാൽ കോണ്‍ഗ്രസ് ഇടതുപക്ഷത്തിനെതിരെ രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കാൻ തീരുമാനം എടുത്തു. ഇതറിഞ്ഞ് രാഹുലിനെ പിന്തിരിപ്പിക്കാൻ താന്‍ ശ്രമിച്ചുവെന്നും പക്ഷേ ഉമ്മൻചാണ്ടിയാണ് രാഹുൽ വയനാട് മത്സരിക്കാനുള്ള തീരുമാനത്തിൽ മുഖ്യ പങ്ക് വഹിച്ചതെന്നും ശരദ് പവാർ പറഞ്ഞു. 

അതേസമയം, രാഹുൽ രണ്ട് സീറ്റിൽ മത്സരിക്കുന്നതിനോട് തനിക്ക് എതിർപ്പില്ലെന്നും പക്ഷേ വയനാടിന് പകരം കർണ്ണാടകയിൽ മത്സരിക്കുന്നതായിരുന്നു രാഹുലിന് നല്ലത് എന്നായിരുന്നു തന്‍റെ അഭിപ്രായമെന്നും ശരദ് പവാർ പറഞ്ഞു.

രാഹുലിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തെ പ്രശംസിക്കാനും ശരദ് പവാർ മറന്നില്ല. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുൽ കഷ്ടപ്പെടുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം പ്രതിപക്ഷ സഖ്യം കൂട്ടിയിണക്കാനും രാഹുൽ ശ്രമിച്ചതായി അഭിപ്രായപ്പെട്ടു. 

കൂട്ടായ പ്രവർത്തനത്തിലൂടെ ബിജെപി സർക്കാരിനെ മാറ്റിനിർത്താൻ കഴിഞ്ഞാൽ രാജ്യത്തിന് നല്ലതാണ്. എല്ലാവരും ആ നിലയ്ക്കാണ് പ്രവ‍ർത്തിക്കുന്നതെന്നും ശരദ് പവാർ പറഞ്ഞു. ഭൂരിപക്ഷം കിട്ടിയാൽ എല്ലാ പാർട്ടികളും കൂടിയാലോചിച്ച് നേതാവിനെ തീരുമാനിക്കും. 2004ലും പ്രതിപക്ഷം ചെയ്തത് അതാണെന്നും പവാർ പറഞ്ഞു.