അശോക് ഗെഹ്‌ലോട്ടിന് വീണ്ടും തിരിച്ചടി, വിമതർക്കെതിരെ നടപടി തടഞ്ഞ് ഹൈക്കോടതി...

 

Last Updated : Jul 21, 2020, 04:07 PM IST
അശോക്  ഗെഹ്‌ലോട്ടിന് വീണ്ടും തിരിച്ചടി, വിമതർക്കെതിരെ നടപടി തടഞ്ഞ് ഹൈക്കോടതി...

 

ജയ്പൂര്‍ :  സച്ചിന്‍ പൈലറ്റിനും  അദ്ദേഹത്തിന്‍റെ ഒപ്പമുള്ള  18 എം.എല്‍.എമാര്‍ക്കുമെതിരെ നിയമസഭ സ്പീക്കര്‍ കൈക്കൊണ്ട നടപടിയ്ക്കെതിരെ ഹൈക്കോടതി...  

വിമതർക്കെതിരെ  സ്പീക്കര്‍ സ്വീകരിച്ച നടപടി തടഞ്ഞ  ഹൈക്കോടതി  ജൂലൈ 24 വെള്ളിയാഴ്ച വരെ ഇവരെ അയോഗ്യരാക്കാൻ പാടില്ലെന്ന്   രാജസ്ഥാൻ നിയമസഭാ സ്പീക്കർക്ക് നിർദേശം നൽകി. ഇതോടെ പൈലറ്റ് ക്യാമ്പിന്    ആശ്വാസമായിരിയ്ക്കുകയാണ്.  

നിയമസഭ സ്പീക്കര്‍  പുറപ്പെടുവിച്ച  അയോഗ്യതാ നോട്ടീസിനെതിരെ വിമത എംഎൽഎമാർ സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞ 17 ന്  വാദം  നടന്നിരുന്നു. തുടര്‍ന്ന് 21 വരെ എംഎൽഎമാർക്കെതിരെ നടപടി  കൈക്കൊള്ളരുതെന്ന് ഹൈ ക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. 

ഹര്‍ജിയില്‍ തുടര്‍ വാദം ഇന്നാണ് പൂര്‍ത്തിയായത്.  ഹര്‍ജിയില്‍ വിധി വെളളിയാഴ്ച  പുറപ്പെടുവിക്കു൦. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹാന്‍ദി, ജസ്റ്റിസ് പ്രകാശ് ഗുപ്ത എന്നിവര്‍ അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

മുതിര്‍ന്ന  അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി ആണ് സച്ചിന്‍ പൈലറ്റിനും വിമത എംഎല്‍എമാര്‍ക്കും വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. വിമത എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പ്പിക്കുന്നതുമായി  ബന്ധപ്പെട്ട് സ്പീക്കറുടെ അധികാരപരിധിയില്‍ ഹൈക്കോടതിക്ക് ഇടപെടാന്‍ സാധിക്കില്ലെന്നായിരുന്നു മുന്‍പ് കോണ്‍ഗ്രസ് അഭിഭാഷകന്‍  വാദിച്ചത്. എന്നാല്‍ ഹൈക്കോടതിയുടെ അധികാരപരിതി പരിമിതപ്പെടുത്താവുന്നതല്ലെന്നും ഈ കേസ് കോടതിയുടെ പരിധിയില്‍ വരുന്നതാണ് എന്നും മുകുള്‍ റോഹ്ത്തഗി വാദിച്ചു.

കോണ്‍ഗ്രസ് വിപ്പ് ലംഘിച്ച വിമത എംഎല്‍എമാരെ അയോഗ്യരാക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടാണ് സ്പീക്കര്‍ നോട്ടീസ് അയച്ചത്. എന്നാല്‍, കോവിഡ് മഹാമാരിക്കിടെ വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ഹാജരാകാന്‍ വെറും മൂന്ന് ദിവസം മാത്രമാണ് സ്പീക്കര്‍ അനുവദിച്ചത് എന്നും പൈലറ്റ് ക്യാംപ് കോടതിയില്‍ ആരോപിച്ചു.

വിമത  എംഎല്‍എമാര്‍ ഇതുവരെ കൂറുമാറുകയോ പാര്‍ട്ടി വിടുകയോ ചെയ്തിട്ടില്ലെന്നും   പൈലറ്റ് ക്യാമ്പിലെ  എല്‍എമാര്‍ ഉയര്‍ത്തിയ എല്ലാ ചോദ്യങ്ങള്‍ക്കും സ്പീക്കര്‍ മറുപടി നല്‍കണമെന്നും കോടതി സ്പീക്കറില്‍ നിന്നും സത്യവാങ്മൂലം വാങ്ങണമെന്നും മുകുള്‍ റോഹ്ത്തഗി ആവശ്യപ്പെട്ടു.  

സ്പീക്കര്‍ എല്ലായ്‌പ്പോളും ഭരണകക്ഷിയുമായി ബന്ധപ്പെട്ട ആളായിരിക്കും. അതുകൊണ്ട് തന്നെ  എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച വിഷയങ്ങളില്‍ തീരുമാനം എടുക്കാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കുന്ന  കാര്യവും മുകുള്‍ റോഹ്ത്തഗി ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച 2020ലെ സുപ്രീം കോടതി വിധി അടിസ്ഥാനമാക്കിയാണ്  റോഹ്ത്തഗി വാദം ഉയര്‍ത്തിയത്.

കഴിഞ്ഞ ദിവസമാണ്  രാജസ്ഥാന്‍ സ്പീക്കര്‍, സച്ചിന്‍  പൈലറ്റടക്കം 19 പേരെ അയോഗ്യരാക്കി നോട്ടീസ് പുറപ്പെടുവിച്ചത്. ഇതിനെതിരെ പുറത്തായ എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയിലാണ്  കോടതി നിര്‍ദ്ദേശം. 

 

 

Trending News