'പെരിയാര്‍ റാലിയില്‍ നഗ്നരായി രാമനും സീതയും‍'; മാപ്പ് പറയില്ലെന്ന് രജനി

തമിഴ്‌നാട്ടിലെ പ്രമുഖ നേതാവും പരിഷ്കര്‍ത്താവുമയിരുന്ന ഇവി രാമസ്വാമി അഥവാ പെരിയാറിനെതിരെയുളള പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് നടന്‍ രജനീകാന്ത്. 

Last Updated : Jan 21, 2020, 01:04 PM IST
  • പെരിയാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന് ആരോപിച്ച്‌ ദ്രാവിഡര്‍ വിടുതുലെ കഴകം പ്രതിഷേധം ശക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് രജനീകാന്തിന്‍റെ വാക്കുകള്‍.
'പെരിയാര്‍ റാലിയില്‍ നഗ്നരായി രാമനും സീതയും‍'; മാപ്പ് പറയില്ലെന്ന് രജനി

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ നേതാവും പരിഷ്കര്‍ത്താവുമയിരുന്ന ഇവി രാമസ്വാമി അഥവാ പെരിയാറിനെതിരെയുളള പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് നടന്‍ രജനീകാന്ത്. 

തന്‍റെ വസതിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് രജനീകാന്ത് തന്‍റെ നിലപാട് വ്യക്തമാക്കിയത്. പെരിയാറിനെക്കുറിച്ചുള്ള തന്‍റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായും മാപ്പുപറയില്ലെന്നും അദ്ദേഹം പറഞ്ഞു. 

താന്‍ വായിച്ച ന്യൂസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പെരിയാറിനെതിരെ പരാമര്‍ശം നടത്തിയതെന്നും രജനീകാന്ത് പറഞ്ഞു. ഇത് സാധൂകരിക്കുന്ന പത്ര കട്ടിങ്ങുകളും, വാര്‍ത്തകളും സഹിതമാണ് രജനീകാന്ത് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

പെരിയാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന് ആരോപിച്ച്‌ ദ്രാവിഡര്‍ വിടുതുലെ കഴകം പ്രതിഷേധം ശക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് രജനീകാന്തിന്‍റെ വാക്കുകള്‍.

1971 ൽ നടന്ന സംഭവങ്ങൾ മാത്രമാണ് പറഞ്ഞത്. നിരവധി മാസികകളിൽ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ വന്നിട്ടുണ്ട്. ഇതിന്‍റെ പേരിൽ ആരോടും മാപ്പ് പറയാനോ ഖേദം പ്രകടിപ്പിയ്ക്കാനോ തയ്യാറല്ല -രജനീകാന്ത് പറയുന്നു. 

കൂടാതെ, ഇത് താന്‍ ഭാവനയില്‍ മെനഞ്ഞെടുത്ത കാര്യങ്ങളല്ലെന്നും അവര്‍ കണ്ട കാര്യങ്ങള്‍ പറയുന്നത് പോലെ ഞാനും പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഇക്കഴിഞ്ഞ ജനുവരി 14ന് ഒരു മാസികയുടെ അമ്പതാം വാർഷികാഘോഷ ചടങ്ങിനിടെ രജനി നടത്തിയ ചില പ്രസ്താവനകളാണ് വിവാദങ്ങൾക്കടിസ്ഥാനം.

അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടാൻ പെരിയാറിന്‍റെ നേതൃത്വത്തിൽ 1971ൽ സേലത്ത് നടത്തിയ റാലിയിൽ സീതയുടെയും രാമന്‍റെയും നഗ്നചിത്രങ്ങള്‍ ചെരുപ്പ് മാല അണിയിച്ചാണ് ഉപയോഗിച്ചതെന്നാണ് താരം പറഞ്ഞത്.

പൊതുവേദികളില്‍ രജനി ശ്രദ്ധയോടെവേണം പ്രസംഗിക്കേണ്ടതെന്ന് ഫിഷറീസ് മന്ത്രിയും AIADMK നേതാവുമായ ഡി. ജയകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

ദ്രാവിഡര്‍ വിടുതലൈ കഴകം രജനിയ്‌ക്കെതിരേ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
രജനീകാന്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മധുരയിൽ പ്രതിഷേധക്കാർ താരത്തിന്റെ കോലം കത്തിച്ചിരുന്നു. 

തന്‍റെ വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിശദീകരണവുമായി രജനീകാന്ത് നേരിട്ടെത്തിയത്.

More Stories

Trending News