രാമക്ഷേത്രം അയോധ്യയില്‍ എത്രയും വേഗം നിര്‍മ്മിക്കും: അമിത് ഷാ

ഉത്തരാഖണ്ഡിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് പാര്‍ട്ടി ബൂത്ത്തല പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. 

Last Updated : Feb 3, 2019, 01:15 PM IST
രാമക്ഷേത്രം അയോധ്യയില്‍ എത്രയും വേഗം നിര്‍മ്മിക്കും: അമിത് ഷാ

രാമക്ഷേത്രം അയോധ്യയില്‍ എത്രയും വേഗം നിര്‍മിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. വിഷയത്തില്‍ ബിജെപിയുടെ നിലപാട് വ്യക്തമാണ്. എന്നാല്‍, നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തയ്യാറാണോയെന്ന് അദ്ദേഹം ചോദിച്ചു. 

ഉത്തരാഖണ്ഡിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് പാര്‍ട്ടി ബൂത്ത്തല പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

കുഭമേള നടക്കുന്നതിനിടെ രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച ആവശ്യം ഉയരുകയെന്നത് സ്വാഭാവികമാണ്. സുപ്രീംകോടതിയിലെ അഭിഭാഷകരെ ഉപയോഗിച്ച് രാമക്ഷേത്ര നിര്‍മാണം തടസപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് ബിജെപി അധ്യക്ഷന്‍ ആരോപിച്ചു. 

അയോധ്യ കേസ് പരിഗണിക്കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ മാറ്റിവെക്കണമെന്ന കപില്‍ സിബലിന്റെ ആവശ്യം ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. കോടതിയില്‍ ഈ ആവശ്യമുന്നയിച്ചത് ഏത് സാഹചര്യത്തിലാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അമിത് ഷാ പറഞ്ഞു.

പരസ്പരം കലഹിക്കുന്ന പാര്‍ട്ടികള്‍ ഒത്തുചേര്‍ന്നാണ് മഹാസഖ്യം രൂപവത്കരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോദിയെ ഒറ്റയ്ക്ക് നേരിടാന്‍ കഴിയാത്തതിനാലാണിത്. അഴിമതിയും ദാരിദ്ര്യവും രോഗങ്ങളും തുടച്ചുനീക്കാനാണ് മോദി ശ്രമിക്കുന്നത്. അതിനിടെ, മോദിയെ നീക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.

വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മോദി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കണം. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. തന്നെപ്പോലെ സാധാരണ പ്രവര്‍ത്തകനായിരുന്ന ഒരാള്‍ക്ക് പാര്‍ട്ടി അധ്യക്ഷനാകാന്‍ കഴിയുന്നതും ചായ വില്‍പ്പനക്കാരന്റെ മകന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ കഴിയുന്നതും ബിജെപിയില്‍ മാത്രമാണെന്നും അമിത് ഷാ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നത് ബിജെപിക്ക് എത്രമാത്രം ശക്തിയുണ്ടെന്നു തെളിയിക്കുന്നതാണെന്ന് പറഞ്ഞ അമിത് ഷാ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനും വികസനം കൊണ്ടുവരുന്നതിനും ശേഷിയുള്ള ഒരു നേതാവിനെയാണ് ഇന്ത്യയ്ക്ക് ആവശ്യമെന്നും ബിജെപിയോടൊപ്പമാണ് ആ നേതാവുള്ളതെന്നും നരേന്ദ്ര മോദിയാണ് ആ നേതാവെന്നും കൂട്ടിച്ചേര്‍ത്തു.

Trending News