റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ മുഖ്യാതിഥിയായേക്കുമെന്ന് സൂചന.
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ട്രംപ് നിരസിച്ച സാഹചര്യത്തിലാണിത്. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നീ മേഖലകളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാര് അടുത്ത കാലത്ത് മുഖ്യാതിഥിയായി ഇന്ത്യയില്‍ എത്തിയിട്ടില്ലെന്നത് ഇതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
മുഖ്യാതിഥിയായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ക്ഷണിച്ചിരുന്നെങ്കിലും തിരക്കുകള്‍ കാരണം ക്ഷണം നിരസിക്കുകയാണെന്ന് വൈറ്റ് ഹൗസ് അടുത്തിടെ അറിയിച്ചിരുന്നു.
ട്രംപിനെ ക്ഷണിച്ച് കൊണ്ടുള്ള കത്ത് ഏപ്രിലില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ അമേരിക്കയ്ക്ക് കൈമാറിയത്.
എന്നാല്‍ അധികം വൈകാതെ മുഖ്യാതിഥിയെ കുറിച്ചുള്ള കൃത്യമായ പ്രഖ്യാപനമുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ ഇക്കാര്യം അറിയിക്കുമെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതല ഏറ്റതിന് ശേഷം 2015 ല്‍ നടന്ന ആദ്യ റിപ്പബ്ലിക് ദിന പരേഡില്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ബറാക് ഒബാമയായിരുന്നു മുഖ്യ അഥിതി.