തെലങ്കാനയില്‍ തിരിച്ചടി നേരിട്ട് ടി.ആര്‍.എസ്; വിശ്വേശ്വര്‍ റെഡ്ഡി പാര്‍ട്ടി വിട്ടു

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കനത്ത തിരിച്ചടി നേരിട്ട് തെലങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്). 

Updated: Nov 21, 2018, 07:06 PM IST
തെലങ്കാനയില്‍ തിരിച്ചടി നേരിട്ട് ടി.ആര്‍.എസ്; വിശ്വേശ്വര്‍ റെഡ്ഡി പാര്‍ട്ടി വിട്ടു

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കനത്ത തിരിച്ചടി നേരിട്ട് തെലങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്). 

തെലങ്കാന രാഷ്ട്രസമിതി നേതാവും എംപിയുമായ വിശ്വേശ്വര്‍ റെഡ്ഡി പാര്‍ട്ടി വിട്ടു. നിയമസഭാ തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കൂടുമാറ്റം. പാര്‍ട്ടിയും സര്‍ക്കാരും ജനങ്ങളില്‍ നിന്ന് അകന്നതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്ന് പാര്‍ട്ടി നേതാവ് കെ.ചന്ദ്രശേഖര്‍ റാവുവിനയച്ച മൂന്ന് പേജുള്ള കത്തില്‍ വിശ്വേശ്വരയ്യ പറഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി വിശ്വേശ്വരയ്യ പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. തെലങ്കാന വിരുദ്ധരും പാര്‍ട്ടിയുടെ ആശയത്തോട് പ്രതിബദ്ധതയില്ലാത്തവരും മന്ത്രിസഭയില്‍ വന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

ഗതാഗതമന്ത്രി പട്‌നം മഹേന്ദ്രറെഡ്ഡിയുടെ കുടുംബം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നടത്തുന്ന വഴിവിട്ട പ്രവര്‍ത്തനങ്ങളാണ് വിശ്വേശ്വരയ്യയെ പ്രകോപിപ്പിച്ചതെന്ന് ഉന്നത വൃത്തങ്ങള്‍ പറയുന്നു. പാര്‍ട്ടി തന്നെ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ചെവ്വല്ല മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് വിശ്വേശ്വര്‍ റെഡ്ഡി. തെലങ്കാനയിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.

അതേസമയം, വിശ്വേശ്വരയ്യ കോണ്‍ഗ്രസിനൊപ്പം ചേരുമെന്ന് അറിയിച്ചു. കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്നോടിയായി അദ്ദേഹം കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിക്കും.

രണ്ട് എം.പിമാര്‍ പാര്‍ട്ടി വിട്ട് പോവാന്‍ സാധ്യതയുണ്ടെന്നും കഴിവുണ്ടെങ്കില്‍ അവരെ പിടിച്ചു നിര്‍ത്താനും കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് രേവന്ത് റെഡ്ഡി, ചന്ദ്രശേഖര്‍ റാവുവിനെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. 
അതിനിടെ കോണ്‍ഗ്രസിലേക്ക് കളം മാറാന്‍ തയ്യാറായിരിക്കുന്ന രണ്ടാമത്തെ എം.പി ആരാണ് എന്ന ചര്‍ച്ചയും ടിആര്‍എസില്‍ സജീവമായിരിക്കുകയാണ്. 

വിശ്വേശ്വര്‍ റെഡ്ഡിയുടെ പാര്‍ട്ടി വിടാനുള്ള തീരുമാനം ടി.ആര്‍.എസിന് കനത്ത തിരിച്ചടിയാണ്. തിരഞ്ഞെടുപ്പ് അനായാസം വിജയിക്കാമെന്ന അതിരുകടന്ന ആത്മവിശ്വാസത്തില്‍ നിയമസഭാ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ട ടി.ആര്‍.എസ് ഇപ്പോള്‍ ധര്‍മ്മസങ്കടത്തിലാണ്. മുതിര്‍ന്ന നേതാക്കളുടെയും അണികളുടെയും കൊഴിഞ്ഞു പോക്ക് പാര്‍ട്ടിയെ തെല്ലൊന്നുമല്ല കുഴപ്പത്തിലാക്കിയിരിക്കുന്നത്.