രജൗറിയിലെ അവസാന ഗ്രാമത്തിലും വൈദ്യുതിയും റോഡുമെത്തി

സ്വാതന്ത്ര്യം കിട്ടിയിട്ട് എഴുപതു വർഷങ്ങളായെങ്കിലും തങ്ങൾക്ക് വെളിച്ചത്തിന്‍റെയും സഞ്ചാരത്തിന്‍റെയും സ്വാതന്ത്ര്യം ലഭിച്ചത് ഇപ്പോഴാണെന്ന് ഗ്രാമവാസികൾ വ്യക്തമാക്കി. 

Last Updated : Jul 5, 2018, 01:03 PM IST
രജൗറിയിലെ അവസാന ഗ്രാമത്തിലും വൈദ്യുതിയും റോഡുമെത്തി

രജൗറി: നര്‍ല ബാംബാല്‍, ഇത് ജമ്മുകാശ്മീരിലെ ഒരു ഗ്രാമമാണ്‌. സ്വാതന്ത്രം കിട്ടിയിട്ട് ഇത്രയും നാളായിട്ടും ഇതുവരെ വൈദ്യുതിയോ, റോഡോ ഒന്നും ഇല്ലാതിരുന്ന ഒരു ഗ്രാമം. എന്നാല്‍ ഈ ഗ്രാമത്തില്‍ ഇപ്പോള്‍ വൈദ്യുതിയും റോഡുമെത്തി. അതും പ്രധാനമന്ത്രി ഗ്രാമ സഡക് യോജന വഴിയും. 

അങ്ങനെ രജൗറിയിലെ അവസാന ഗ്രാമത്തിലും വൈദ്യുതിയും റോഡുമെത്തി. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന വഴി റോഡും ദീനദയാൽ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജന വഴിയുമാണ്‌ വൈദ്യുതി ഗ്രാമത്തില്‍ എത്തിയത്. 

സ്വാതന്ത്ര്യം കിട്ടിയിട്ട് എഴുപതു വർഷങ്ങളായെങ്കിലും തങ്ങൾക്ക് വെളിച്ചത്തിന്‍റെയും സഞ്ചാരത്തിന്‍റെയും സ്വാതന്ത്ര്യം ലഭിച്ചത് ഇപ്പോഴാണെന്ന് ഗ്രാമവാസികൾ വ്യക്തമാക്കി. രജൗറിയിൽ നിന്ന് 115 കിലോമീറ്റർ അകലെയാണ് നർല ബാംബാൽ.

2015 ആഗസ്റ്റ് 15 ന് നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലായിരുന്നു എല്ലാ ഗ്രാമങ്ങളിലും 1000 ദിവസം കൊണ്ട് വൈദ്യുതി എത്തിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ദീനദയാൽ ഗ്രാമ ജ്യോതി യോജനയിലൂടെ 12 ദിവസം ബാക്കി നിൽക്കെ കഴിഞ്ഞ ഏപ്രിലിൽ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചു. 

2015 ഏപ്രിലിൽ വൈദ്യുതി എത്തിക്കാൻ ബാക്കിയുണ്ടായിരുന്ന 18,452 ഗ്രാമങ്ങളിൽ എല്ലായിടത്തും വൈദ്യുതി എത്തിച്ചതായി പദ്ധതിയുടെ നോഡൽ ഏജൻസിയായ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ വ്യക്തമാക്കിയിരുന്നു.

ഒരു ഗ്രാമത്തിലെ സ്കൂളുകളും ആശുപത്രികളും മറ്റ് സർക്കാർ സ്ഥാപനങ്ങളും ഒപ്പം പത്തുശതമാനം വീടുകളും വൈദ്യുതീകരിക്കപ്പെട്ടാലാണ് ഒരു ഗ്രാമത്തിൽ വൈദ്യുതിയെത്തിയതായി പ്രഖ്യാപിക്കുന്നത്. ഇനി എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യമാണ് സർക്കാരിന്റെ മുന്നിലുള്ളത്. 2019 മാർച്ചിനുള്ളിൽ 40 ലക്ഷം കുടുംബങ്ങളിൽ വൈദ്യുതി എത്തിക്കുക എന്ന ബൃഹദ് പദ്ധതിയുമായി മുന്നോട്ടു പോകുകയാണ് കേന്ദ്രസർക്കാർ. 

Trending News