ശബരിമല അക്രമ സംഭവങ്ങളില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി

ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ നടത്തിയ ഹര്‍ത്താലില്‍ നടന്ന അക്രമ സംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാനസര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ഹര്‍ത്താലിന് ശേഷവും രാഷ്ട്രീയസംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നിര്‍ദ്ദേശിച്ചു.

Last Updated : Jan 5, 2019, 03:30 PM IST
ശബരിമല അക്രമ സംഭവങ്ങളില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ നടത്തിയ ഹര്‍ത്താലില്‍ നടന്ന അക്രമ സംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാനസര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ഹര്‍ത്താലിന് ശേഷവും രാഷ്ട്രീയസംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച്‌ എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സമാധാന അന്തരീക്ഷമുണ്ടാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്. ഇതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശത്തില്‍ പറയുന്നു

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതിനെതിരെയും അക്രമങ്ങള്‍ക്കെതിരെയും ബിജെപി എംപിമാര്‍ ഇന്നലെ രാജ്നാഥ് സിംഗിനെ കണ്ട് പരാതി നല്‍കിയിരുന്നു. മാവോയിസ്റ്റ് ബന്ധമുള്ളവരെ ശബരിമലയില്‍ കയറ്റി ദര്‍ശനം നടത്തിച്ചെന്നും ഇത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നുമായിരുന്നു വി. മുരളീധരന്‍ എംപി ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടത്.

ഈ സാഹചര്യത്തിലാണ് ഇന്നലെ വൈകിട്ട് തന്നെ ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സന്ദേശം കൈമാറിയത്. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെ കേരളം മറുപടി നല്‍കിയിട്ടില്ല. റിപ്പോര്‍ട്ട് കിട്ടിയ ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തുടര്‍നടപടികള്‍ സ്വീകരിക്കും.

അതേസമയം, സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് ഗവര്‍ണറും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

കേരളത്തില്‍ നടന്ന സംഘര്‍ഷത്തില്‍ ഇതുവരെ 3178 പേര്രാണ് അറസ്‌റ്റിലായത്. 487 പേരെ റിമാന്‍ഡ് ചെയ്‌തു. ഇതില്‍ 2691 പേര്‍ക്ക് ജാമ്യം ലഭിച്ചതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

 

Trending News