ശബരിമല വിഷയം ലോക്‌സഭയില്‍, യതീഷ് ചന്ദ്രയ്‌ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

ശബരിമല വിഷയം ലോക്സഭയിലെത്തിച്ച് ബിജെപി. എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ ലോക്‌സഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. 

Updated: Dec 19, 2018, 02:27 PM IST
ശബരിമല വിഷയം ലോക്‌സഭയില്‍, യതീഷ് ചന്ദ്രയ്‌ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: ശബരിമല വിഷയം ലോക്സഭയിലെത്തിച്ച് ബിജെപി. എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ ലോക്‌സഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. 

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയതിനിടെ സൗകര്യങ്ങള്‍ പരിശോധിക്കുകയായിരുന്ന തന്നെ നിലയ്ക്കലില്‍ ഡ്യൂട്ടി ഓഫീസറായിരുന്ന എസ്പി യതീഷ് ചന്ദ്ര ഐപിഎസ് തടഞ്ഞു നിര്‍ത്തി അപമാനിച്ചു എന്നാണ് ആരോപണം. എസ്പി തന്നോട് ധിക്കാരത്തോടെയാണ് പെരുമാറിയത്. കേന്ദ്രമന്ത്രിയെന്ന ബഹുമാനം തനിക്ക് തന്നില്ല എന്നും ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​രം ന​ല്‍​കി​യി​ല്ലെ​ന്നും പൊന്‍ രാധാകൃഷ്ണന്‍ ആരോപിക്കുന്നു. നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ പൊന്‍ രാധാകൃഷ്ണന് ഉറപ്പ് നല്‍കി.

ആഭ്യന്തരമന്ത്രാലയത്തില്‍ പരാതി നല്‍കാനോ വിഷയം ലോക്‌സഭയില്‍ ഉന്നയിക്കാനോ ആയിരുന്നു നേരത്തെ ബിജെപി തീരുമാനിച്ചിരുന്നത്. കേന്ദ്രമന്ത്രിയായിട്ടും എസ്പി അതിന്‍റെ ബഹുമാനം തനിയ്ക്ക് തന്നില്ലെന്ന് മുന്‍പും പൊന്‍ രാധാകൃഷ്ണന്‍ ആരോപണമുന്നയിച്ചിരുന്നു. 

ശബരിമലയില്‍ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്ന അവസരത്തിലായിരുന്നു കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സന്ദര്‍ശനത്തിന് എത്തിയത്. മന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ എസ്പി സ്വകാര്യവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നും മന്ത്രിയുടെ വാഹനം മാത്രം കടത്തിവിടുമെന്നുമാണ് അറിയിച്ചത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഈ നടപടിയെന്നും എസ്പി പറഞ്ഞിരുന്നു. 

കെഎസ്ആര്‍ടിസി ബസ് കടത്തിവിടുന്നുണ്ട്. എന്തുകൊണ്ട് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നില്ല എന്നാണ് മന്ത്രി അന്ന് ചോദിച്ചത്. ബസ് അവിടെ പാര്‍ക്ക് ചെയ്യില്ലെന്നും ആളെ ഇറക്കിയ ശേഷം ഉടന്‍ മടങ്ങുമെന്നും എസ്പി മറുപടി നല്‍കിയിരുന്നു. സ്വകാര്യ വാഹനങ്ങള്‍ പോയാല്‍ ഗതാഗത കുരുക്കുണ്ടാകുമെന്നും യതീഷ് ചന്ദ്ര മറുപടി നല്‍കിയിരുന്നു. 

മന്ത്രിയെ ചോദ്യം ചെയ്യുന്നെന്നരോപിച്ച് പൊന്‍രാധാകൃഷ്ണനൊപ്പമുണ്ടായിരുന്ന ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ ക്ഷുഭിതനായതും വിവാദമായിരുന്നു.