ആര്‍ത്തവ പരാമർശം: സ്മൃതി ഇറാനിക്കെതിരെ കേസ്

പുലിവാല്‍ പിടിച്ച് കേന്ദ്ര മന്ത്രി. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധിയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ കേസ്.

Last Updated : Oct 26, 2018, 11:22 AM IST
ആര്‍ത്തവ പരാമർശം: സ്മൃതി ഇറാനിക്കെതിരെ കേസ്

ബീഹാർ: പുലിവാല്‍ പിടിച്ച് കേന്ദ്ര മന്ത്രി. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധിയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ കേസ്.

ബീഹാർ സീതമർഹി കോടതി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സരോജ് കുമാരിക്ക് മുമ്പാകെയാണ്  അഭിഭാഷകനായ താക്കൂർ ചന്ദൻ സിംഗ് വ്യാഴാഴ്ച പരാതി നൽകിയത്. പരാതിയില്‍ ഈ മാസം 29ന് കോടതി വാദം കേൾക്കും. ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം, കര്‍ത്തവ്യത്തില്‍ വീഴ്ച വരുത്തുക, സ്ത്രീകളുടെ മാന്യതയെ ഹനിക്കുക തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. 

മുംബൈയില്‍ നടന്ന യംഗ് തിങ്കേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ്, ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സ്മൃതി ഇറാനി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. 

അയ്യപ്പനെ ആരാധിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ അവിടം അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശം ഇല്ല, എന്നഭിപ്രയപ്പെട്ട അവര്‍ ആര്‍ത്തവ രക്തം പുരണ്ട സാനിറ്ററി നാപ്കിനുകള്‍ നിങ്ങള്‍ സുഹൃത്തുക്കളുടെ വീട്ടില്‍ കൊണ്ടു പോകാറുണ്ടോ എന്നും, അപ്പോള്‍ എങ്ങനെയാണ് ദൈവത്തിന്‍റെ അരികിലേക്ക് ആര്‍ത്തവ രക്തം പുരണ്ട നാപ്കിനുകളുമായി പോവുക എന്നും ചോദിച്ചിരുന്നു. 

ഇവരുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി ആളുകൾ രം​ഗത്തെത്തിയിരുന്നു. ശബരിമല സജീവമായ ചര്‍ച്ചാവിഷയമായിരിക്കെ സ്മൃതി ഇറാനിയുടെ പരാമര്‍ശം സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം സ്മൃതിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. 'യോനിയില്‍ കൂടി വരുന്നതെന്തോ അതില്‍ നാണക്കേട് വിചാരിക്കേണ്ട ഒന്നുമില്ല, പക്ഷേ വായുടെ കാര്യത്തില്‍ അങ്ങനെ പറയാനാകില്ല'- എന്ന് നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന പ്രതികരിച്ചിരുന്നു. 

ശബരിമല കയറാന്‍ എത്തിയ ആക്ടിവിസ്റ്റ് രഹന ഫാത്തിമ ഇരുമുടിക്കെട്ടിൽ സാനിട്ടറി പാഡ് കരുതിയിരുന്നു എന്നും മറ്റുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇവർ പല സുഹൃത്തുക്കളോടും തന്‍റെ കയ്യിൽ സാനിറ്ററി നാപ്കിൻ കരുതിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. കൂടാതെ, ഇവർക്ക് കെട്ടു നിറച്ചു നൽകിയ ഗുരുസ്വാമി ആരെന്നു വ്യക്തമാക്കണമെന്നും ഇരുമുടിക്കെട്ട് പരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതാണ് മന്ത്രിയില്‍ നിന്നും ഇത്തരമൊരു പ്രതികരണമുണ്ടാവാന്‍ കാരണം. 

 

 

Trending News