എന്‍സിപി മുംബൈ അദ്ധ്യക്ഷന്‍ സച്ചിന്‍ അഹിര്‍ ശിവസേനയില്‍ ചേര്‍ന്നു

നവംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹാരാഷ്ട്ര രാഷ്ട്രീയരംഗ൦ മാറി മറിയുന്നു.

Updated: Jul 25, 2019, 01:04 PM IST
എന്‍സിപി മുംബൈ അദ്ധ്യക്ഷന്‍ സച്ചിന്‍ അഹിര്‍ ശിവസേനയില്‍ ചേര്‍ന്നു

മുംബൈ: നവംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹാരാഷ്ട്ര രാഷ്ട്രീയരംഗ൦ മാറി മറിയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി രൂപീകരിക്കപ്പെട്ട കോണ്‍ഗ്രസ്‌-എന്‍സിപി സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് പാര്‍ട്ടി മുംബൈ അദ്ധ്യക്ഷന്‍ സച്ചിന്‍ അഹിര്‍ ശിവസേനയില്‍ ചേര്‍ന്നു. കൂടാതെ, എന്‍സിപിയില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുമെന്നാണ് സൂചന. 

ശിവസേനയില്‍ ചേര്‍ന്ന സച്ചിന്‍ അഹിര്‍, ശരത് പവാറിന്‍റെ വളരെ അടുത്ത വ്യക്തിയായിരുന്നു. കോണ്‍ഗ്രസ്‌-എന്‍സിപി സഖ്യ൦ മഹാരാഷ്ട്രയില്‍ അധികാരത്തിലിരുന്ന 2009-2014 വരെയുള്ള കാലയളവില്‍ അഹിര്‍ മന്ത്രിയുമായിരുന്നു. 

സച്ചിന്‍ അഹിര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന കാര്യം ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ വാര്‍ത്താസമ്മേളനം നടത്തിയാണ്  മാധ്യമങ്ങളെ അറിയിച്ചത്. 

വോര്‍ളി മണ്ഡലത്തിലെ മുന്‍ എംഎല്‍എയാണ് അഹിര്‍. ഇദ്ദേഹം തന്നെ ഇത്തവണയും ഇവിടെ എന്‍സിപി സ്ഥാനാര്‍ഥിയാകുമെന്നാണ് കരുതിയിരുന്നത്. ഇദ്ദേഹത്തിന്‍റെ സ്ഥാനാര്‍ഥിത്വം എന്‍സിപിക്ക് ആശ്വാസവുമായിരുന്നു. എന്നാല്‍  ഇപ്പോള്‍ എന്‍സിപി നേതൃത്വം പോലും അറിയാതെയാണ് അഹിര്‍ മറുകണ്ടം ചാടിയിരിക്കുന്നത്. 

നിലവില്‍ ശിവസേനയുടെ സുനില്‍ ഷിന്‍ഡെയാണ് വോര്‍ളി എംഎല്‍എ. മറാത്തി ജനസംഖ്യ കൂടുതലുള്ള മുംബൈയിലെ മണ്ഡലമാണിത്. ഇവിടെ ഇത്തവണ യുവസേനാ അദ്ധ്യക്ഷന്‍ ആദിത്യ താക്കറെ മല്‍സരിക്കുമെന്ന് അഭ്യൂഹമുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 29കാരനായ ആദിത്യ താക്കറെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുമെന്നാണ് ശിവസേനയുടെ പ്രചാരണം.

അതേസമയം, എന്‍സിപിയുടെ മറ്റൊരു ശക്തനായ നേതാവ് ഛഗന്‍ ഭുജ്ബാല്‍ ശിവസേനയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ട്. ഇദ്ദേഹം ശിവസേനയില്‍നിന്നുമാണ് എന്‍സിപിയില്‍ ചേര്‍ന്നത്‌. 

എന്‍സിപി-കോണ്‍ഗ്രസ് സഖ്യവും ബിജെപി-ശിവസേന സഖ്യവുമാണ് മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടുന്നത്. കോണ്‍ഗ്രസ് സഖ്യത്തിലേക്ക് കൂടുതല്‍ പാര്‍ട്ടികളെ എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്‍സിപിയില്‍ നടക്കുന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പാര്‍ട്ടിയ്ക്ക് കനത്ത ക്ഷീണം നല്‍കുമെന്ന് ഉറപ്പാണ്‌.

കഴിഞ്ഞ തിരഞ്ഞെടുപ്പ് പോലെ ഇത്തവണയും മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ശിവസേന-ബിജെപി സഖ്യം.