കര്‍"നാടകം": സ്പീക്കറുടെ അധികാരത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ നിര്‍ണ്ണായക ഇടപെടലുമായി സുപ്രീംകോടതി. 

Last Updated : Jul 16, 2019, 12:34 PM IST
കര്‍"നാടകം": സ്പീക്കറുടെ അധികാരത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ നിര്‍ണ്ണായക ഇടപെടലുമായി സുപ്രീംകോടതി. 

എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന് സ്പീക്കറോട് നിര്‍ദ്ദേശിക്കാന്‍ സാധിക്കില്ല എന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. കൂടാതെ, സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടില്ലെന്നും രാജിയിലും അയോഗ്യതയിലും കോടതിക്ക് ഇടപെടാനാകില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇതോടെ, വിമത എംഎല്‍എമാര്‍ക്ക് സുപ്രീംകോടതിയില്‍നിന്നും തിരിച്ചടി കിട്ടിയിരിയ്ക്കുകയാണ്.

എംഎല്‍എമാരുടെ രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടി അവകാശ ലംഘനമാണെന്നും ബിജെപിയുമായി വിമത എംഎല്‍എമാര്‍ ഗൂഢാലോചന നടത്തിയെന്നതിന് തെളിവില്ലെന്നും വിമതര്‍ക്കുവേണ്ടി ഹാജരായ മുകുള്‍ റോഹ്തഗി  കോടതിയില്‍ പറഞ്ഞു. സ്പീക്കര്‍ തങ്ങളുടെ രാജി ഉടന്‍ സ്വീകരിക്കണം, നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് തങ്ങളെ നിര്‍ബന്ധിക്കാന്‍ അവര്‍ക്ക് ആകില്ലെന്നും കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. 

'രാജിയില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ മനഃപൂര്‍വ്വം കാലതാമസം വരുത്തുകയാണ്. നിയമസഭയില്‍ പങ്കെടുക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ച്‌ കഴിഞ്ഞാല്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധിക്കാന്‍ നിങ്ങള്‍ക്കാകുമോ? ഒരു പ്രത്യേക ഗ്രൂപ്പില്‍ തുടരാനും സംസാരിക്കാനും സ്പീക്കര്‍ ഞങ്ങളെ നിര്‍ബന്ധിപ്പിക്കുന്നു. എന്നാല്‍ ഞങ്ങള്‍ അതില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല', വിതമര്‍ക്കായി റോഹ്തഗി കോടതിയില്‍ പറഞ്ഞു.

എന്നാല്‍, വിമത എം.എല്‍.എമാരില്‍‌ പലരും അയോഗ്യരാക്കപ്പെടും എന്ന് വന്നതോടെ രാജി സമര്‍പ്പിക്കുകയായിരുന്നു എന്നാണ് സ്പീക്കറുടെ വാദം. ചിലരുടെ രാജിയില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ട്. സ്വമേധയാ ആണോ രാജിക്ക് പിറകില്‍ സമ്മര്‍ദ്ദമുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. അത് ഭരണഘടനാപരാമായ ഉത്തരവാദിത്വാണന്ന് സ്പീക്കര്‍ രമേശ് കുമാര്‍ പറയുന്നു. അതിനാല്‍ രാജിക്കത്ത് വിശദമായി പരിശോധിക്കാന്‍ സമയം വേണമെന്നും സ്പീക്കര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദത്തിന്‍റെ സാധുത കോടതി പരിശോധിക്കും.

സ്പീക്കര്‍ രാജി സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെതിരെയാണ് വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കര്‍ണാടകയിലെ കോണ്‍ഗ്രസ്‌-ജെഡിഎസ് സഖ്യ സര്‍ക്കാരിന്‍റെ ഭാവി സുപ്രീംകോടതി വിധിയില്‍ നിക്ഷിപ്തമാണ്. 

അതേസമയം, ഭൂരിപക്ഷം നഷ്ടപ്പെട്ട കോണ്‍ഗ്രസ്‌-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ ഏതുവിധേനയും അധികാരത്തില്‍ നിലനിര്‍ത്താനുള്ള തീവ്രശ്രമവും നടക്കുന്നുണ്ട്. വിമതരെ വീണ്ടും പാളയത്തില്‍ തിരിച്ചെത്തിക്കാനുള്ള കോണ്‍ഗ്രസ്‌ നേതാക്കളുടെ ശ്രമം പാളുകയാണ്. പാര്‍ട്ടിയില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷ നല്‍കിയ എം.ടി.ബി നാഗരാജും കെ സുധാകറും വീണ്ടും വിമത പക്ഷത്ത് ചേര്‍ന്നതോടെ കോണ്‍ഗ്രസിന്‍റെ എല്ലാ പ്രതീക്ഷകളും അവസാനിച്ചിരിയ്ക്കുകയാണ്. 

എന്നാല്‍, വിമതരുടെ രാജിയെതുടര്‍ന്ന് സഭയില്‍ കോണ്‍ഗ്രസ്‌ - ജെഡിഎസ് സഖ്യ സര്‍ക്കാരിന്‍റെ അംഗബലം കുറഞ്ഞ് 103ല്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ ബിജെപിയ്ക്ക് സഭയില്‍ 105 അംഗങ്ങളാണ് ഉള്ളത്. സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന 2 സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുകയും ബിജെപിയ്ക്ക് പിന്നില്‍ അണിനിരക്കുകയും ചെയ്തതോടെ പാര്‍ട്ടിയുടെ അംഗബലം വര്‍ദ്ധിച്ച് 107ല്‍ എത്തിയിരിയ്ക്കുകയാണ്. 

ഇന്നത്തെ സുപ്രീംകോടതി വിധിയും, വ്യാഴാഴ്ച നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പും കോണ്‍ഗ്രസ്‌ - ജെഡിഎസ് സഖ്യ സര്‍ക്കാരിന് ഏറെ നിര്‍ണ്ണായകമായിരിക്കും. നിലവിലെ രാഷ്ട്രീയ സ്ഥിതി അനുസരിച്ച് വ്യാഴാഴ്ച വരെ സര്‍ക്കാരിന് സമയമുണ്ട്. ഏവര്‍ക്കും സമ്മതനായ ഡി. കെ. ശിവകുമാറിനെ വിമതര്‍ തള്ളുമോ കൊള്ളുമോ എന്നാണ് ഈ അവസരത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.

 

Trending News