ജമ്മു-കശ്​മീരിലെ നിയന്ത്രണങ്ങൾക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ജമ്മു-കശ്​മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്​ ആക്​ടിവിസ്​റ്റ്​ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന്​ പരിഗണിക്കും. 

Last Updated : Aug 13, 2019, 11:17 AM IST
ജമ്മു-കശ്​മീരിലെ നിയന്ത്രണങ്ങൾക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ജമ്മു-കശ്​മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്​ ആക്​ടിവിസ്​റ്റ്​ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന്​ പരിഗണിക്കും. 

കോണ്‍ഗ്രസ്​ ആക്​ടിവിസ്​റ്റ്​ തെഹ്​സീന്‍ പൂനാവാലയാണ്​ ഹര്‍ജി നല്‍കിയിരിക്കുന്നത്. അരുണ്‍ മിശ്ര, എം.ആര്‍ ഷാ, അജയ്​ രസ്​തോഗി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ്​ ഹര്‍ജി പരിഗണിക്കുക.

അനാവശ്യമായി കര്‍ഫ്യുവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നത് കശ്മീരികളുടെ ഭരണഘടനാ അവകാശങ്ങള്‍ക്കെതിരാണെന്നും, കശ്മീരികളുടെ സഞ്ചാര സ്വാതന്ത്ര്യം അടക്കം ഭരണഘടനാ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഫോണും ഇന്‍റര്‍നെറ്റും റദ്ദാക്കുന്ന നടപടി​യേയും ഹര്‍ജി വിമര്‍ശിക്കുന്നുണ്ട്​. 

പൗരന്‍മാര്‍ക്ക്​ തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത സാഹചര്യമാണ്​ കശ്​മീരിലുള്ളതെന്നും വീട്ടുതടങ്കലിലാക്കിയ കശ്മീരി നേതാക്കളെ മോചിപ്പിക്കണമെന്നും ജമ്മു-കശ്മീരിലെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ ജുഡിഷ്യല്‍ കമ്മീഷനെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, കശ്​മീരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്​ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെ കശ്​മീര്‍ ടൈംസ്​ എക്​സിക്യൂട്ടീവ്​ എഡിറ്റര്‍ അനുരാധ ബാസിനും ഹര്‍ജി നല്‍കിയിട്ടുണ്ട്​. ഹര്‍ജി അടിയന്തിരമായി ലിസ്​റ്റ്​ ചെയ്യണമെന്നും അനുരാധ ആവശ്യപ്പെട്ടിട്ടുണ്ട്​. 

ഇതിന്​ പുറമേ എന്‍.സി.പിയും സമാന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. 

 

Trending News