ജമ്മു കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും ഇന്ന് തുറക്കും

വൈകാതെ എല്ലാ നിയന്ത്രണങ്ങളും പൂര്‍ണ്ണമായി പിന്‍വലിക്കാനാവുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.  

Last Updated : Aug 19, 2019, 07:57 AM IST
ജമ്മു കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും ഇന്ന് തുറക്കും

ശ്രീനഗര്‍: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370  റദ്ദു ചെയ്യുകയും സംസ്ഥാനം വിഭജിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തില്‍ കശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ തുടങ്ങി.

ഇതിന്‍റെ ഫലമായി ജമ്മു കശ്മീരിലെ ചില മേഖലകളിലെ സ്കൂളുകളും കോളേജുകളും ഇന്ന് തുറക്കും. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ശ്രീനഗറിലെ 190 പ്രൈമറി സ്‌കൂളുകള്‍ ഇന്ന് തുറക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

വൈകാതെ എല്ലാ നിയന്ത്രണങ്ങളും പൂര്‍ണ്ണമായി പിന്‍വലിക്കാനാവുമെന്നും അദ്ദേഹം അറിയിച്ചു. 35 പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നല്‍കിയിരുന്ന ഇളവ് ഇന്നലെ 50 പൊലീസ് സ്റ്റേഷന്‍ പരിധിയിലേക്ക് ഉയര്‍ത്തിയിരുന്നു

സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും പുറമേ സര്‍ക്കാര്‍ ഓഫീസുകളും ഇന്ന് തുറന്ന്‍ പ്രവര്‍ത്തിക്കും. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്‍പുതന്നെ കശ്മീരില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരുന്നു. 

സുരക്ഷയുടെ ഭാഗമായി സ്‌കൂളുകള്‍ അടച്ചിടുകയും ചെയ്തിരുന്നു. ഇപ്പോള്‍ കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമായതോടെയാണ് സ്‌കൂളുകള്‍ തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

അതേ സമയം ജമ്മുവില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഗതാഗതം സാധാരണ നിലയിലാണ്. രജൗരി, രാംപാന്‍, ദോഡ എന്നീ ജില്ലകളിലെ വിദ്യാലയങ്ങള്‍ നേരത്തെ പ്രവര്‍ത്തനമാരംഭിച്ചിരുന്നു .

സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും സാധാരണഗതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജമ്മുവില്‍ നിലവില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.

അതേസമയം ആഗസ്റ്റ് അഞ്ചു മുതല്‍ കശ്മീരില്‍ നാലായിരത്തോളം പേര്‍ അറസ്റ്റിലായതായാണ് റിപ്പോര്‍ട്ട്. അറസ്റ്റിലായവരുടെ എണ്ണം ഇതുവരെ കൃത്യമായി പുറത്തുവന്നിട്ടില്ല. 

Trending News