close

News WrapGet Handpicked Stories from our editors directly to your mailbox

ബിജെപി-ശിവസേന സഖ്യത്തില്‍ പ്രശ്നങ്ങളില്ല!!

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്‍റെയും സാന്നിധ്യത്തില്‍ ഇതിന് ധാരണയായെന്നും അദ്ദേഹം പറഞ്ഞു. 

Sneha Aniyan | Updated: Sep 20, 2019, 06:50 PM IST
ബിജെപി-ശിവസേന സഖ്യത്തില്‍ പ്രശ്നങ്ങളില്ല!!

മുംബൈ: ബിജെപി-ശിവസേന സഖ്യത്തില്‍ പ്രശ്നങ്ങളില്ലെന്നും സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ. 

മുതിര്‍ന്ന നേതാക്കളുമായി നടത്തിയ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ച് മത്സരിക്കുമെന്ന് പറഞ്ഞ അദ്ദേഹം രണ്ടു ദിവസത്തിനകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി. 

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്‍റെയും സാന്നിധ്യത്തില്‍ ഇതിന് ധാരണയായെന്നും അദ്ദേഹം പറഞ്ഞു. 

മഹാരാഷ്ട്രയിലെ ബിജെപി- ശിവസേന സഖ്യത്തില്‍ തര്‍ക്കം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനു പിന്നാലെയാണ് വിശദീകരണവുമായി താക്കറെ രംഗത്തെത്തിയത്.

മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പില്‍ 144 സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന പ്രസ്താവനയുമായി ശിവസേനയുടെ മുതിര്‍ന്ന നേതാവ് ദിവാകര്‍ റാവതെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 

ദിവാകര്‍ റാവതെയ്ക്ക് പിന്നാലെ ഇരുപാര്‍ട്ടികളും മുമ്പ് ഉണ്ടാക്കിയ ധാരണ പാലിക്കാന്‍ ബിജെപി തയ്യാറാകണമെന്ന ആവശ്യവുമായി രാജ്യസഭാംഗം സഞ്ജയ് റാവത്തു൦ രംഗത്തെത്തിയിരുന്നു. 

സഖ്യത്തില്‍ നിന്ന് പിന്മാറുന്നതിനെക്കുറിച്ച്‌ ചിന്തിച്ചിച്ചിട്ടില്ല. എന്നാല്‍ ദിവാകര്‍ റാവതെ പറഞ്ഞതില്‍ തെറ്റൊന്നുമില്ല- സഞ്ജയ് റാവത്ത് വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് സീറ്റുവിഭജനത്തിലെ തര്‍ക്കം മൂലം സഖ്യമില്ലാതെ മത്സരിച്ച ഇരു പാര്‍ട്ടികളും പിന്നീട് സഖ്യം രൂപീകരിക്കുകയായിരുന്നു