എൻ‌സി‌പി-കോൺഗ്രസ് ലയനം; വാര്‍ത്ത‍ നിരസിച്ച് ശരദ് പവാർ

എൻ‌സി‌പി കോണ്‍ഗ്രസുമായി ലയിക്കുമെന്നുള്ള വാര്‍ത്ത തള്ളി പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരദ് പവാർ. തന്‍റെ പാര്‍ട്ടിയായ എന്‍സിപിയെപ്പറ്റി കൂടുതള്‍ ബോധ്യം തനിക്ക് തന്നെയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

Sheeba George | Updated: Oct 9, 2019, 05:04 PM IST
എൻ‌സി‌പി-കോൺഗ്രസ് ലയനം; വാര്‍ത്ത‍ നിരസിച്ച് ശരദ് പവാർ

മുംബൈ: എൻ‌സി‌പി കോണ്‍ഗ്രസുമായി ലയിക്കുമെന്നുള്ള വാര്‍ത്ത തള്ളി പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരദ് പവാർ. തന്‍റെ പാര്‍ട്ടിയായ എന്‍സിപിയെപ്പറ്റി കൂടുതള്‍ ബോധ്യം തനിക്ക് തന്നെയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

കഴിഞ്ഞ ദിവസം, മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും കോൺഗ്രസ് നേതാവുമായ സുശീൽ കുമാർ ഷിൻഡെ നടത്തിയ പ്രസ്താവനയാണ് ഉഹാപോഹങ്ങള്‍ക്ക് വഴിതെളിച്ചത്. തന്‍റെ പ്രസ്താവനയില്‍ അദ്ദേഹം എൻ‌സി‌പി-കോണ്‍ഗ്രസ് ലയനത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. 

ഭാവിയിൽ ഇരു പാർട്ടികളും കൂടുതല്‍ അടുക്കുമെന്നും ഒന്നായിത്തീരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സൊലാപുറിലെ എന്‍സിപി സ്ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടിയിലായിരുന്നു ഷിൻഡെ ഇപ്രകാരം സൂചിപ്പിച്ചത്. രണ്ട് പാർട്ടികളുടെയും സമാനതയാണ് സമീപഭാവിയിൽ ഏകീകരണത്തിനുള്ള അവസരമുള്ളതായി സൂചിപ്പിക്കാന്‍ ഷിൻഡെയ്ക്ക് പ്രേരണയായത്. 

ഷിൻഡെയുടെ പ്രസ്താവനയ്ക്ക് എന്‍സിപി അദ്ധ്യക്ഷന്‍ തന്നെ മറുപടിയുമായി എത്തി. കോൺഗ്രസ് നേതാവിന് തന്‍റെ പാർട്ടിയെക്കുറിച്ച് സംസാരിക്കാമെന്നും, എന്‍സിപി അദ്ധ്യക്ഷനായ തന്നെക്കാളും മറ്റാര്‍ക്കാണ് തന്‍റെ പാര്‍ട്ടിയെക്കുറിച്ച് അറിയാവുന്നത് എന്നും ശരദ് പവാര്‍ തിരിച്ചടിച്ചു.

മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബർ 21ന് നടക്കും. ഒക്ടോബർ 24നാവും വോട്ടെണ്ണല്‍ നടക്കുക.