ഷീല ദീക്ഷിതിന്​ ഔദ്യോഗിക ബഹുമതികളോടെ അന്ത്യവിശ്രമം

അന്തരിച്ച കോണ്‍ഗ്രസ്​ നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്​ ഇനി ജ്വലിക്കുന്ന ഓര്‍മ.​ 

Last Updated : Jul 21, 2019, 07:03 PM IST
ഷീല ദീക്ഷിതിന്​ ഔദ്യോഗിക ബഹുമതികളോടെ അന്ത്യവിശ്രമം

ന്യൂഡല്‍ഹി: അന്തരിച്ച കോണ്‍ഗ്രസ്​ നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്​ ഇനി ജ്വലിക്കുന്ന ഓര്‍മ.​ 

ശനിയാഴ്ച അന്തരിച്ച തങ്ങളുടെ പ്രിയനേതാവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നേര്‍ന്ന് ഡല്‍ഹി. ഷീലാ ദീക്ഷിതിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു...

ഇന്ന്​ വൈകുന്നേരം 3.45ഓടെ ഡല്‍ഹിയില്‍ യമുനാ തീരത്തെ നിഗംബോധ്​ ഘാട്ടില്‍ ഷീല ദീക്ഷിതിന്‍റെ ഭൗതിക ശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്​കരിച്ചു. ആയിരങ്ങളാണ്​ സംസ്​കാര ചടങ്ങില്‍ സംബന്ധിച്ചത്​.

ആധുനിക ഡല്‍ഹിയുടെ ശില്‍പി എന്ന വിശേഷണത്തിന്​ ഉടമയായിരുന്നു​ ഷീല ദീക്ഷിത്​. മുന്‍ മുഖ്യമന്ത്രിയുടെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ട്​ രാജ്യ തലസ്ഥാനത്ത്​ മൂന്ന്​ ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്​.

ഷീല ദീക്ഷിതിന്‍റെ ഭൗതിക ശരീരം നിസാമുദ്ദീനിലെ വസതിയില്‍ നിന്ന് വിലാപ യാത്രയായി കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിച്ച്‌​ ഒന്നരയോടെ പൊതുദര്‍ശനത്തിന് വെച്ചു. ശേഷം മൂന്നരയോടെ നിഗംബോധ് ഘാട്ടിലെത്തിച്ച്‌​ സമ്പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുകയായിരുന്നു. 

ആഭ്യന്തരമന്ത്രി അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഡല്‍ഹി ആഭ്യന്തരമന്ത്രി സത്യേന്ദ്ര ജെയിന്‍ തുടങ്ങിയവര്‍ മരണാനന്തരചടങ്ങുകളില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്​, യു.പി.എ അദ്ധ്യക്ഷ  സോണിയ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍, കോണ്‍ഗ്രസ്​ ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മോത്തിലാല്‍ വോറ, എ.കെ ആന്‍റണി, അഹമ്മദ്​ പ​ട്ടേല്‍ എന്നിവരും ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ മറ്റ്​ മുതിര്‍ന്ന നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചു. 

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രിമാരും കേരള സര്‍ക്കാറിനെ പ്രതിനീധീകരിച്ച്‌ റവന്യൂ മന്ത്രി ഇ. ചന്ദ്ര ശേഖരനും അന്തിമോപചാരം അര്‍പ്പിച്ചു. 

 

Trending News