ശിവസേന നിര്‍ണ്ണായക യോഗം ഇന്ന്!!

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപിയുമായി അകല്‍ച്ച നിലനില്‍ക്കേ ഇന്ന് ശിവസേനയുടെ നിര്‍ണ്ണായക യോഗം.

Last Updated : Oct 31, 2019, 02:34 PM IST
ശിവസേന നിര്‍ണ്ണായക യോഗം ഇന്ന്!!

മുംബൈ: സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപിയുമായി അകല്‍ച്ച നിലനില്‍ക്കേ ഇന്ന് ശിവസേനയുടെ നിര്‍ണ്ണായക യോഗം.

സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയുമായുള്ള സഖ്യ സാധ്യത തള്ളിയിട്ടില്ലെന്നും ശിവസേന വ്യക്തമാക്കി. സര്‍ക്കാര്‍ പങ്കാളിത്തം സംബന്ധിച്ച നിര്‍ണ്ണായക തീരുമാനവും ഇന്ന് കൈക്കൊള്ളുമെന്നാണ് സൂചന. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഒരാഴ്ചത്തെ അനിശ്ചിതാവസ്ഥക്ക് ശേഷമാണ് ശിവസേന നിലപാട് മയപ്പെടുത്തിയത്.

തുല്യ അധികാര പങ്കാളിത്തം വേണമെന്ന ശിവസേനയുടെ അവകാശവാദത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം കടുത്ത അനിശ്ചിതാവസ്ഥയിലായിരുന്നു. രണ്ടര വര്‍ഷം മുഖ്യമന്ത്രിപദം വേണമെന്നും വകുപ്പുകള്‍ തുല്യമായി വീതിക്കണമെന്നതുമടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനാല്‍ ബിജെപിയുമായി ചര്‍ച്ചക്കില്ലെന്നായിരുന്നു ശിവസേനയുടെ നിലപാട്. 

എന്നാല്‍, ശിവസേനയുടെ നിലപാടില്‍ പാര്‍ട്ടിയ്ക്കുള്ളില്‍തന്നെ എതിര്‍പ്പ് ഉയര്‍ന്നതായി സൂചനകള്‍ പുറത്തു വന്നിരുന്നു. ആദ്യമായി എംഎല്‍എയായ ആദിത്യ താക്കറേയെ മുഖ്യമന്ത്രിയാക്കണമെന്ന ശിവസേനയുടെ ആവശ്യത്തോട് ചില അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് സൂചന. ഒപ്പം, ശിവസേനയിലെ 45 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന ബിജെപി നേതാവിന്‍റെ അവകാശവാദവും സേനയെ കുഴക്കി. ഇതെല്ലാമാണ് നിലപാട് മയപ്പെടുത്തന്‍ ശിവസേനയെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.

അതേസമയം, ബിജെപി-ശിവസേന തര്‍ക്കത്തിന് ഉടന്‍ പരിഹാരമാകുമെന്നും ശിവസേനയുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ മഹാരാഷ്ട്രയില്‍ ഇത്ര വലിയ ജയം ബിജെപിക്ക് ലഭിക്കില്ലായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. ബിജെപി-ശിവസേന സഖ്യത്തെയാണ് ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചതെങ്കില്‍ ആ സഖ്യം തന്നെ അധികാരത്തിലേറുമെന്നും അക്കാര്യത്തില്‍ സംശയം വേണ്ടെന്നും ഫഡ്നാവിസ് പറഞ്ഞിരുന്നു. 

മുഖ്യമന്ത്രി പദവി പങ്കുവയ്ക്കില്ല എന്ന ബിജെപിയുടെ കടുത്ത നിലപാടിന് മുന്‍പില്‍ ഒടുക്കം ശിവസേനയ്ക്ക് വഴങ്ങേണ്ടിവരുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.  

അതേസമയം, അടുത്ത 5 വര്‍ഷത്തേയ്ക്ക് മുഖ്യമന്ത്രി താനായിരിക്കുമെന്ന് ദേവേന്ദ്ര ഫട്നവിസ് പ്രസ്താവിച്ചിരുന്നു. കൂടാതെ, ശിവസേന ഇപ്പോള്‍ ആവശ്യപ്പെടുന്ന 50:50 ഫോര്‍മുല ബിജെപി ഒരിക്കലും പരാമര്‍ശിച്ചിരുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച സീറ്റ് നേടാന്‍ ബിജെപിയ്ക്ക് കഴിഞ്ഞില്ല. എന്നാല്‍, ശിവസേനയാകട്ടെ അത്യാവശ്യം മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. 

288 അംഗ നിയമസഭയില്‍ 105 സീറ്റാണ് ബിജെപിക്കുള്ളത്. സേനയ്ക്ക് 56 സീറ്റും. എന്‍സിപി 54 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് 44 എണ്ണം നേടി. 

 

Trending News