ശിവസേന 'വിചാരിച്ചാല്‍' സർക്കാർ രൂപീകരിക്കാം....

50:50 ഫോര്‍മുലയില്‍ ഉറച്ചു നില്‍ക്കുകയാണ് ശിവസേന. പാര്‍ട്ടി 'വിചാരിച്ചാല്‍' സർക്കാർ രൂപീകരിക്കാനാവശ്യമായ അംഗങ്ങള്‍ ലഭിക്കുമെന്നാണ് ഇപ്പോള്‍ ശിവസേനയുടെ വാദം.

Last Updated : Nov 1, 2019, 01:44 PM IST
ശിവസേന 'വിചാരിച്ചാല്‍' സർക്കാർ രൂപീകരിക്കാം....

മുംബൈ: 50:50 ഫോര്‍മുലയില്‍ ഉറച്ചു നില്‍ക്കുകയാണ് ശിവസേന. പാര്‍ട്ടി 'വിചാരിച്ചാല്‍' സർക്കാർ രൂപീകരിക്കാനാവശ്യമായ അംഗങ്ങള്‍ ലഭിക്കുമെന്നാണ് ഇപ്പോള്‍ ശിവസേനയുടെ വാദം.

'ശിവസേന തീരുമാനിക്കുകയാണെങ്കിൽ, സംസ്ഥാനത്ത് അനായാസം സുസ്ഥിരമായ സർക്കാർ രൂപീകരിക്കാന്‍ സാധിക്കും. 50-50 ഫോർമുലയുടെ അടിസ്ഥാനത്തിൽ സർക്കാർ രൂപീകരിക്കാൻ ജനങ്ങൾ അനുമതി നൽകിയിട്ടുണ്ട്. ശിവസേനയിൽ നിന്ന് മുഖ്യമന്ത്രിയെ വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്,' ശിവസേന നേതാവ് സഞ്ജയ്‌ റൗത് പറഞ്ഞു.

ശിവസേന നിലപാട് മയപ്പെടുത്തിയതായി താനൊരിക്കലും പറഞ്ഞിട്ടില്ല എന്നും 50-50 ഫോർമുലയില്‍ മുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടുമെന്നും, സഞ്ജയ്‌ റൗത് വ്യക്തമാക്കി. 
  
മുഖ്യമന്ത്രി പദത്തിനായുള്ള അവകാശവാദത്തില്‍നിന്നും പിന്നോട്ടില്ല എന്നാണ് ശിവസേന നേതാവ് സഞ്ജയ്‌ റൗത് വ്യക്തമാക്കുന്നത്. കൂടാതെ, 50-50 ഫോർമുല പ്രവര്‍ത്തികമാക്കണമെന്ന കാര്യത്തിലും അടിയുറച്ചു നില്‍ക്കുകയാണ് ശിവസേന. 

സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസിനെ സമീപിക്കില്ല എന്നും സഞ്ജയ്‌ റൗത് വ്യക്തമാക്കി. എല്ലാ പാര്‍ട്ടികള്‍ക്കും അവരവരുടേതായ പ്രത്യയശാസ്ത്രവും ചിന്താഗതിയും അജണ്ടയും ഉണ്ട്. കോൺഗ്രസ് നടത്തുന്ന രാഷ്ട്രീയമനുസരിച്ച് സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വരണമെന്ന് അവര്‍ ഒരിക്കലും ആഗ്രഹിക്കില്ല എന്നത് വ്യക്തമാണ്‌, അദ്ദേഹം പറഞ്ഞു.

 50-50 ഫോർമുല പ്രവര്‍ത്തികമാക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധ൦ പിടിക്കുയാണ് ശിവസേന. എന്നാല്‍, മുഖ്യമന്ത്രി പദവി പകുത്തു നല്‍കില്ല എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ബിജെപി. കൂടാതെ, മന്ത്രി സ്ഥാനം സംബന്ധിച്ച് ബിജെപി മുന്നോട്ടു വച്ച 13-26 ശരാശരിയും ശിവസേന നിരസിച്ചു. എല്ലാ വിഷയത്തിലും തുല്യതയാണ് ശിവസേന ആവശ്യപ്പെടുന്നത്. 

തുല്യ അധികാര പങ്കാളിത്തം വേണമെന്ന ശിവസേനയുടെ അവകാശവാദത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം കടുത്ത അനിശ്ചിതാവസ്ഥയിലാണ്. രണ്ടര വര്‍ഷം മുഖ്യമന്ത്രിപദം വേണമെന്നും വകുപ്പുകള്‍ തുല്യമായി വീതിക്കണമെന്നതുമടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനാല്‍ ബിജെപിയുമായി ചര്‍ച്ചക്കില്ലെന്നായിരുന്നു ശിവസേനയുടെ നിലപാട്. 

288 അംഗ നിയമസഭയില്‍ 105 സീറ്റാണ് ബിജെപിക്കുള്ളത്. സേനയ്ക്ക് 56 സീറ്റും. എന്‍സിപി 54 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് 44 എണ്ണം നേടി. 

 

Trending News